ബീഹാര്‍ മുന്‍ മുഖ്യമന്ത്രിക്കുള്ള ആചാരവെടിക്ക് പൊട്ടാത്ത തോക്കുകള്‍ (video)

സംസ്ഥാനത്തിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതി ചടങ്ങിലാണ് പൊട്ടാത്ത തോക്കുകള്‍ ഉപയോഗിച്ചത്. 22 തോക്കുകള്‍ ഉപയോഗിച്ച് പോലിസ് ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക് വെടിവച്ചെങ്കിലും ഒരെണ്ണം പോലും പൊട്ടിയില്ല. ഇതോടെ സംസ്‌കാര ചടങ്ങിനിടെ നാണംകെട്ടിരിക്കുകയാണ് സംസ്ഥാന പോലിസ് സേന.

Update: 2019-08-22 12:45 GMT

സൗപോള്‍: കഴിഞ്ഞദിവസം അന്തരിച്ച ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്രയ്ക്ക് നല്‍കിയ ഔദ്യോഗിക ബഹുമതിക്ക് ഉപയോഗിച്ചത് പൊട്ടാത്ത തോക്കുകള്‍. സൗപോള്‍ ജില്ലയില്‍ അദ്ദേഹത്തിന്റെ ന്‍മനാടായ ഗ്രാമത്തിലായിരുന്നു മിശ്രയുടെ അന്തിമോപചാരങ്ങള്‍ നടന്നത്. സംസ്ഥാനത്തിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതി ചടങ്ങിലാണ് പൊട്ടാത്ത തോക്കുകള്‍ ഉപയോഗിച്ചത്. 22 തോക്കുകള്‍ ഉപയോഗിച്ച് പോലിസ് ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക് വെടിവച്ചെങ്കിലും ഒരെണ്ണം പോലും പൊട്ടിയില്ല. ഇതോടെ സംസ്‌കാര ചടങ്ങിനിടെ നാണംകെട്ടിരിക്കുകയാണ് സംസ്ഥാന പോലിസ് സേന.

മിശ്രയുടെ ജന്‍മനാടായ സൗപോള്‍ ജില്ലയിലെ ഗ്രാമത്തില്‍ വച്ചായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, ആരോഗ്യ മന്ത്രി മംഗള്‍ പാണ്ഡെ എന്നിവരും ചടങ്ങിനെത്തിയിരുന്നു. ഹെലികോപ്ടറിലാണ് നിതീഷ് കുമാര്‍ ചടങ്ങിനെത്തിയത്. എന്നാല്‍ ഇവരുടെ സാന്നിധ്യത്തിലും വേണ്ട വിധത്തില്‍ അന്തരിച്ച മുന്‍മുഖ്യമന്ത്രിക്ക് ആദരവ് അര്‍പ്പിക്കാന്‍ സംസ്ഥാന പോലിസിന് സാധിച്ചില്ല. വെടിയുതിര്‍ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് തോക്ക് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.

Full View

മിശ്രയെ അപമാനിക്കുന്നതാണ് സംഭവമെന്നും അന്വേഷണം വേണമെന്നും പിപ്രയില്‍ നിന്നുള്ള രാഷ്ട്രീയ ജനതാദള്‍ എംഎല്‍എ യദുവംശ് കുമാര്‍ യാദവ് ആവശ്യപ്പെട്ടു. സംഭവം വ്യാപകമായ വിമര്‍ശത്തിന് ഇടയാക്കിയിട്ടുണ്ട്.

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആഗസ്ത് 19നാണ് ജഗന്നാഥ് മിശ്ര (82) അന്തരിച്ചത്. മൂന്നുതവണ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് അദ്ദേഹം ബിഹാര്‍ മുഖ്യമന്ത്രിയായിട്ടുണ്ട്. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കാലിത്തീറ്റ കുംഭകോണത്തില്‍ റാഞ്ചി കോടതി അവസാനനിമിഷം ഇദ്ദേഹത്തെ വെറുതെവിടുകയും ചെയ്തിട്ടുണ്ട്.


Similar News