എല്ലാവർക്കും തൊഴിൽ നേടാനുള്ള അവസരമൊരുക്കും: മന്ത്രി അഹമ്മദ് ദേവർകോവിൽ

Update: 2023-01-14 12:28 GMT

കോഴിക്കോട്: എല്ലാവർക്കും തൊഴിൽ നേടാനുള്ള അവസരമൊരുക്കുക എന്നത് സർക്കാറിന്റെ പ്രഖ്യാപിത നയമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസിന്റെ സഹകരണത്തോടെ വടകര ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വടകര ജോബ് ഫെസ്റ്റ് 2022 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലവസരങ്ങൾക്ക് ഉതകുന്ന നൈപുണ്യ പരിശീലനത്തിനും മറ്റുമായുള്ള സവിശേഷമായ ഇടപെടലുകൾ ഉറപ്പുവരുത്തും. അതിന് അടിത്തറപാകും വിധത്തിൽ അടിസ്ഥാനസൗകര്യ വികസനവും നിക്ഷേപ സൗഹൃദാന്തരീക്ഷവും ശക്തിപ്പെടുത്തും.

സംസ്ഥാനത്തിന്റെ വ്യവസായ മേഖലയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വലിയ മാറ്റങ്ങൾ വരുത്താനായിട്ടുണ്ട്. ഇത് കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. സംരംഭകത്വ വർഷത്തിന്റെ ഭാഗമായി ഒരു വർഷം കൊണ്ട് ഒരു ലക്ഷം നവ സംരംഭങ്ങളായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിൽ, 9 മാസം കൊണ്ട് ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനായത് അഭിമാനകരമായ നേട്ടമാണ്. ഇത് യുവതക്ക് തൊഴിൽ ലഭ്യമാകാൻ വലിയ അവസരങ്ങളാണ് ഒരുക്കുക എന്നും മന്ത്രി പറഞ്ഞു.

മടപ്പള്ളി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ജോബ് ഫെസ്റ്റിൽ സംസ്ഥാനത്തെ 60 പ്രമുഖ തൊഴിൽ ദായക സ്ഥാപനങ്ങൾ പങ്കെടുത്തു. 5000 ൽ പരം ഉദ്യോഗാർത്ഥികൾ മേളയുടെ ഭാഗമായി.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.കെ സന്തോഷ്‌കുമാർ, ആസൂത്രണ സമിതി വൈസ് ചെയർമാൻ വി മധുസൂദനൻ, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ പി ശ്രീജിത്ത്‌, ആയിഷ ഉമ്മർ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ പി രാജീവൻ, ബി ഡി ഒ പി കെ പുരുഷോത്തമൻ, വ്യവസായ വികസന ഓഫീസർ വിശ്വൻ കോറോത്ത്, മറ്റ് ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.

Tags:    

Similar News