കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ എല്ലാ മേഖലയിലും പരിവര്‍ത്തനം ആവശ്യമാണ്: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ ജലവിഭവമുള്‍പ്പെടെ എല്ലാ മേഖലയിലും പരിവര്‍ത്തനം ആവശ്യമാണെന്ന് തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. 'കേരളത്തിലെ നദീതടങ്ങളുടെ ജലസ്രോതസ്സുകളിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഭൂവിനിയോഗ മാറ്റത്തിന്റെയും ജലശാസ്ത്രപരമായ പ്രത്യാഘാതങ്ങള്‍' എന്ന വിഷയത്തില്‍ സിഡബ്ല്യൂആര്‍ഡിഎമ്മില്‍ സംഘടിപ്പിക്കുന്ന ദ്വിദിന സിമ്പോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിതഫലങ്ങള്‍ അടുത്തിടെ ഏറ്റവും കൂടിയതോതില്‍ അനുഭവിക്കേണ്ടിവന്ന സംസ്ഥാനമാണ് കേരളം. കാലവര്‍ഷത്തിലുള്‍പ്പെടെ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി മാറ്റം വന്നുകൊണ്ടിരിക്കുന്നതായി കാണാം. പ്രളയവും വരള്‍ച്ചയും മാറിമാറി വരുന്നതായും നമുക്കറിയാം. അതിരൂക്ഷമായ വെള്ളപ്പൊക്കത്തിന്റെ വാര്‍ഷിക ആവര്‍ത്തനങ്ങളും സംസ്ഥാനത്ത് സംഭവിക്കുന്നുണ്ട്. ഇത്തരം പ്രകൃതിദുരന്തങ്ങള്‍ നമ്മുടെ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം പഠനവിധേയമാക്കുന്ന ഈ പദ്ധതിയും സമാന ഗവേഷണ പദ്ധതികളും ആഗോളവും പ്രാദേശികവുമായ വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനായുള്ള നമ്മുടെ യാത്രയില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്താനുള്ള വഴികാട്ടിയായി വര്‍ത്തിക്കും. രണ്ടുദിവസങ്ങളിലായി നടക്കുന്ന ചര്‍ച്ചായോഗം പശ്ചിമഘട്ട മേഖലയില്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള നമ്മുടെ ബോധ്യം വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
'തദ്രി മുതല്‍ കന്യാകുമാരി വരെയുള്ള നദികളിലെ ജലസ്രോതസ്സുകളില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം' എന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്. ജലശക്തി മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഓണ്‍ ക്ലൈമറ്റ് ചേഞ്ചി(ഐ.എന്‍.സി.സി.സി)ന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഐ.ഐ.ടി ബോംബെ, സി.ഡബ്ല്യൂ.ആര്‍.ഡി.എം കാലിക്കറ്റ്, എന്‍.ഐ.ടി സൂറത്ത്കല്‍ എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് ഗവേഷണ പദ്ധതി നടത്തുന്നത്. കേരളത്തില്‍ കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാകുന്ന ആഘാതങ്ങള്‍, ജലസ്രോതസ്സുകളില്‍ കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവ സിമ്പോസിയത്തില്‍ ചര്‍ച്ച ചെയ്യും. രണ്ടുദിവസങ്ങളിലായി നടക്കുന്ന സിമ്പോസിയത്തില്‍ നാലു സെഷനുകളിലായി അനുബന്ധ വിഷയങ്ങളില്‍ ചര്‍ച്ചകളും പാനല്‍ ഡിസ്‌കഷനും സംഘടിപ്പിക്കും. രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുള്ള പ്രൊഫസര്‍മാരും ശാസ്ത്രജ്ഞരും സെഷനുകള്‍ നയിക്കും.
ചടങ്ങില്‍ പ്രൊജക്ട് വെബ്‌സൈറ്റിന്റെയും, സി.ഡബ്ല്യു.ആര്‍.ഡി.എം വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്ന റൂഫ് ടോപ് റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിങ് കാല്‍ക്കുലേറ്ററിന്റെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. സി.ഡബ്ല്യു.ആര്‍.ഡി.എം 'നീരറിവ്' എന്ന പേരില്‍ പുറത്തിറക്കിയ പുസ്‌കത്തിന്റെ പ്രകാശനവും സ്ഥാപനത്തിന് പുതുതായി അനുവദിച്ച ഇലക്ട്രിക് കാറിന്റെ ഫ്‌ളാഗ് ഓഫും മന്ത്രി നിര്‍വഹിച്ചു.
സി.ഡബ്ല്യൂ.ആര്‍.ഡി.എം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മനോജ് പി. സാമുവല്‍ അധ്യക്ഷനായി. ഐ.ഐ.ടി ബോംബെയിലെ പ്രൊഫ. ടി.ഐ. എല്‍ദോ കാലാവസ്ഥാ വ്യതിയാന പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ജലശക്തി മന്ത്രാലയത്തിന്റെ ഗംഗാ പുനരുജ്ജീവന പദ്ധതി ഡയറക്ടര്‍ രവി ഭൂഷണ്‍ കുമാര്‍, ഐ.എന്‍.സി.സി.സി മെമ്പര്‍ സെക്രട്ടറി ഡോ. ആര്‍.പി. പാണ്ഡെ എന്നിവര്‍ ഓണ്‍ലൈനില്‍ സംസാരിച്ചു. സി.ഡബ്ല്യു.ആര്‍.ഡി.എം രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. പി.എസ്. ഹരികുമാര്‍ സ്വാഗതവും സീനിയര്‍ സയന്റിസ്റ്റ് ഡോ. ടി.കെ. ദൃശ്യ നന്ദിയും പറഞ്ഞു.