ബണ്ട് റോഡ് കയ്യേറിയെന്ന് ആരോപണം: മാള പുളിപ്പറമ്പില്‍ ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശനം നടത്തി
മാള: പൊയ്യ ഗ്രാമപഞ്ചായത്തിലെ പുളിപ്പറമ്പില്‍ കെഎല്‍ഡിസി നിര്‍മിച്ച ബണ്ട് റോഡ് സിഎഫ്‌ഐ ട്രസ്റ്റ് കൈയേറിയതുമായി ബന്ധപ്പെട്ട ഹരജിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു. ജില്ലാ സവ്വേയര്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയപ്പോള്‍ പുറമ്പോക്ക് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ പുളിപ്പറമ്പില്‍ എത്തിയത്. സര്‍വ്വേയുടെ റിപോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറി. ഇത് സംബന്ധിച്ച കേസില്‍ സര്‍ക്കാര്‍ കക്ഷി ചേരേണ്ടത് ഉണ്ട്. അതുകൊണ്ടാണ് ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചത്. സന്ദര്‍ശിച്ച രേഖകള്‍ പരിശോധിക്കാനും വിവരശേഖരണത്തിനുമായാണ് എത്തിയത്.
പാടശേഖര സമിതി നല്‍കിയ ഹരജിയിലാണ് കോടതി ഇടപെടലുണ്ടായത്. കോടതിയെ സമീപിക്കുന്നതിന് മുന്‍പ് പാടശേഖരസമിതി നിരവധി പരാതികള്‍ നല്‍കിയെങ്കിലും പരിഗണിച്ചിരുന്നില്ല. കെഎല്‍ഡിസിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ബണ്ട് റോഡ് പൂര്‍ണ്ണമായി തിരിച്ചുപിടിച്ച് സഞ്ചാരയോഗ്യമായ കാര്‍ഷികാവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തണമെന്നാണ് പാടശേഖരസമിതിയുടെ ആവശ്യം.
കൈയേറ്റത്തിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി വേണമെന്ന് പൊയ്യ ഗ്രാമപഞ്ചായത്ത് ഭരണ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കോടതി ഉത്തരവിന് ശേഷം വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ പരസ്പരം പഴിചാരി വിശദീകരണ യോഗങ്ങളും സമരങ്ങളും സംഘടിപ്പിച്ചിരുന്നു. സര്‍വേയറുടേയും കളക്ടറുടെയും റിപോര്‍ട്ടുകള്‍ കൂടി കോടതി പരിഗണിക്കുമെന്നാണ് സൂചന.
വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എയും തഹസില്‍ദാരും കളക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്നു. പുളിപ്പറമ്പില്‍ സ്ഥലം സന്ദര്‍ശിച്ചശേഷം വില്ലേജ് ഓഫിസില്‍ ഉദ്യോഗസ്ഥരുമായി കളക്ടര്‍ ചര്‍ച്ച നടത്തി.
കോടതി ഇടപെടലിന്റെ അടിസ്ഥാനത്തില്‍ വേഗത്തിലുള്ള നടപടികള്‍ ഉണ്ടായ ആത്മവിശ്വാസത്തിലാണ് പാടശേഖര സമിതിയില്‍ നാട്ടുകാരും.
അതേസമയം രേഖകള്‍ അനുകൂലമാണെന്നും തങ്ങളുടെ സ്ഥലത്ത് കെഎല്‍ഡിസി ബണ്ട് റോഡ് നിര്‍മ്മിക്കുകയായിരുന്നു എന്നാണ് സി എഫ് ഐ ട്രസ്റ്റിന്റെ അവകാശവാദം.