വ്യാപകക്രമക്കേടെന്ന് ആരോപണം; ഗ്രാമപഞ്ചായത്തിന്റെ പരാതിയില്‍ കുഴൂരില്‍ അസിസ്റ്റന്റ് എഞ്ചിനീയറെ സ്ഥലം മാറ്റി

Update: 2022-02-27 14:54 GMT

മാള: കെടുകാര്യസ്ഥതയും ക്രമക്കേടും ആരോപിച്ച് കുഴൂര്‍ ഗ്രാമപഞ്ചായത്ത് നല്‍കിയ പരാതിയെത്തുടര്‍ന്ന് അസിസ്റ്റന്റ് എഞ്ചിനീയറെ സ്ഥലം മാറ്റി. അസിസ്റ്റന്റ് എഞ്ചിനീയര്‍ ജമീലയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കുകയും പകര്‍പ്പ് ചീഫ് എഞ്ചിനീയര്‍ക്കും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും നല്‍കുകയും ചെയ്തിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫിസില്‍ പ്രസിഡന്റ് സാജന്‍ കൊടിയന്റെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരവും നടത്തി.

ഫണ്ട് ചെലവഴിക്കുന്നതില്‍ വലിയ അനാസ്ഥ ഉണ്ടായെന്നും കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുന്നതിലും നമ്പര്‍ അനുവദിക്കുന്നതിലും ഉണ്ടായ കാലതാമസം പരാതിക്കിടയാക്കിയെന്നുമാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആരോപിക്കുന്നത്.

ഫണ്ട് ചെലവഴിക്കുന്നതില്‍ കുറവ് വന്നിട്ടുണ്ടെന്നും കൊവിഡിനെത്തുടര്‍ന്ന് ജനുവരി 30 മുതല്‍ ചികിത്സയുടെ ഭാഗമായി അവധിയിലായിരുന്നുവെന്നും ജമീല പറഞ്ഞു.

Similar News