ചാര ഏജന്‍സികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണം; ആര്‍ടിയെ നിരോധിച്ച് മെറ്റ

മോസ്‌കോയിലെ ചാര ഏജന്‍സികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുഎസ് ഭരണകൂടം ആരോപിച്ചതിന് പിന്നാലെയാണ് നിരോധനം.

Update: 2024-09-17 09:38 GMT

ന്യൂയോര്‍ക്ക്: റഷ്യന്‍ മാധ്യമമായ ആര്‍ടിയെ നിരോധിച്ച് മെറ്റ. മോസ്‌കോയിലെ ചാര ഏജന്‍സികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുഎസ് ഭരണകൂടം ആരോപിച്ചതിന് പിന്നാലെയാണ് നിരോധനം. 'സൂക്ഷ്മമായ പരിശോധനയ്ക്കു ശേഷം ഞങ്ങള്‍ റഷ്യന്‍ സ്‌റ്റേറ്റ് മീഡിയാ ഔട്ട്‌ലെറ്റുകള്‍ക്കെതിരായ ഞങ്ങളുടെ നിലവിലുള്ള എല്‍ഫോഴ്‌സ്‌മെന്റ് വിപുലീകരിച്ചു. ആര്‍ടി വിദേശ ഇടപെടലുകള്‍ നടത്തിയതിനാല്‍ ഞങ്ങളുടെ ആപ്പുകളില്‍ നിന്ന് ആര്‍ടിയെ നിരോധിക്കുകയാണ്,' മെറ്റാ വക്താവ് പറഞ്ഞു. പരസ്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിലും പോസ്റ്റിന്റെ വ്യാപ്തി കുറക്കുന്നതുമായി ബന്ധപ്പെട്ട് ഔട്ട്‌ലെറ്റുകള്‍ക്ക് മേല്‍ വര്‍ഷങ്ങളായി നിയന്ത്രണങ്ങള്‍ നില നില്‍ക്കുന്നുണ്ട്. അതിന് പിന്നാലെയാണ് പുതിയ നടപടി. ലോകമെമ്പാടുമുള്ള ആളുകളിലേക്ക് തെറ്റായ വിവരങ്ങളും നുണകളും പ്രചരിപ്പിക്കുകയാണ് ആര്‍ടി എന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഗ്ലോബല്‍ എന്‍ഗേജ്‌മെന്റ് കോഓഡിനേറ്റര്‍ ജെയിംസ് റൂബിന്‍ പറഞ്ഞു.

    ആഫ്രിക്കയില്‍ ആഫ്രിക്കന്‍ സ്ട്രീം എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന് പിന്നില്‍ ആര്‍ടി ഉണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. അഭിപ്രായവ്യത്യാസവും വിഭജനവും ഉണ്ടാക്കി യുഎസ് തിരഞ്ഞടുപ്പില്‍ റഷ്യ ഇടപെടാന്‍ ശ്രമിക്കുന്നതായി യുഎസ് മുമ്പും ആരോപിച്ചിരുന്നു. കൂടാതെ 2016ലെ തിരഞ്ഞടുപ്പില്‍ ഇടപെടാന്‍ ഉദ്ദേശിച്ചെന്നും പറഞ്ഞ് 12 റഷ്യന്‍ പൗരന്‍മാര്‍ക്കെതിരേ യുഎസ് നീതിന്യായവകുപ്പ് കുറ്റം ചുമത്തിയിരുന്നു. എന്നാല്‍ അമേരിക്കന്‍ രാഷ്ട്രീയത്തിലും തിരഞ്ഞടുപ്പിലും തങ്ങള്‍ ഇടപെട്ട് കൊണ്ടുള്ള ചാരപ്രവൃത്തികള്‍ നടന്നിട്ടില്ലെന്ന് റഷ്യ വ്യക്തമാക്കി.

Tags:    

Similar News