അമരീന്ദര്‍ സിങ്ങിന്റെ വിശ്വസ്തര്‍ പുറത്ത്; പഞ്ചാബില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഞായറാഴ്ച
ഛണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ചരന്‍ജിത് സിങ് ചന്നി മന്ത്രിസഭയില്‍ പുതുതായി ചേരുന്ന മന്ത്രിമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ ഞായറാഴ്ച നടക്കും. ഏകദേശം ആറ് പേര്‍ പുതിയ മുഖങ്ങളാണ്. അമരീന്ദര്‍ സിങ്ങിന്റെ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന അഞ്ച് പേരെ ഒഴിവാക്കുമെന്ന് സൂചനയുണ്ട്.
കാബിനറ്റില്‍ അംഗമാവുന്ന മുഴുവന്‍ പേരുടെയും പട്ടികയുമായി ചന്നി ശനിയാഴ്ച ഉച്ചയ്ക്കു ശേഷം ഗവര്‍ണര്‍ ബന്‍വാരിലാലിനെ രാജ് ഭവനില്‍ കണ്ടിരുന്നു.
മന്ത്രിസഭാ വികസനം നാളെ നടക്കുമെന്ന് ഗവര്‍ണറെ കണ്ടശേഷം മുഖ്യമന്ത്രി പറഞ്ഞു. വൈകീട്ട് 4.30നാണ് സത്യപ്രതിജ്ഞാച്ചടങ്ങുകള്‍.
ഡല്‍ഹിയില്‍ കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിച്ച ശേഷമാണ് ചന്നി ഗവര്‍ണറെ കണ്ടത്. പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചിച്ചാണ് പുതിയ മന്ത്രിമാരുടെ പട്ടിക തയ്യാറാക്കിയത്.
പുറത്തുവന്ന സൂചനയനുസരിച്ച രാജ് കുമാര്‍ വെര്‍ക്ക, സംഗത് സിംഗ് ഗില്‍ജിയാന്‍, സംഗത് സിംഗ് ഗില്‍ജിയാന്‍, പഞ്ചാബ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കുല്‍ജീത് നഗ്ര, ഗുര്‍ക്കീരത് സിംഗ് കോട്‌ലി, പഞ്ചാബ് പിസിസി ജനറല്‍ സെക്രട്ടറി പര്‍ഗത് സിങ്, രാണ ഗുര്‍ജിത്ത്, രാജ വാറിങ് എന്നിവരാണ് കാബിനറ്റിലെത്തുന്ന പ്രമുഖര്‍.
വിജയ് ഇന്റര്‍ സിന്‍ഗ്ല, മന്‍പ്രീത് സിങ് ബാദല്‍, ബ്രഹം മൊഹിന്ദ്ര, സുഖ്ബിന്ദര്‍ സിങ് സര്‍കാരിയ, തൃപ്ത് രജിന്ദര്‍ ബജ് വാ, അരുനു ചൗധരി, റാസിയ സുല്‍ത്താന, ഭാരത് ഭൂഷന്‍ അഷു എന്നിവരെ കാബിനറ്റില്‍ നിനിര്‍ത്തും.
റാണ ഗുര്‍മിത് സിംഗ് സോധി, സാധു സിംഗ് ധരംസോട്ട്, ബല്‍ബീര്‍ സിംഗ് സിദ്ദു, ഗുര്‍പ്രീത് സിംഗ് കംഗാര്‍, സുന്ദര്‍ ഷാം അറോറ എന്നിവരാണ് കാബിനറ്റില്‍ നിന്ന് പുറത്തുപോവുന്നത്.
മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായാണ് ചന്നിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്.
പഴയ മന്ത്രിസഭയിലെ ചിലരെ നിലനിര്‍ത്തും. ചിലരെ ഒഴിവാക്കും. അവരുടെ മുന്‍കാല പ്രകടനം വിലയിരുത്തിയാണ് നടപടിയെന്ന് ചന്നി പറഞ്ഞു.
മുഖ്യമന്ത്രി ചന്നി, ഉപമുഖ്യമന്ത്രിമാരായ സുഖ്ജീന്ദര്‍ സിങ് രണ്ഡാവ, ഒപി സോനി തുടങ്ങി ആകെ 18 എംഎല്‍എമാരെയാണ് കാബിനറ്റില്‍ ഉള്‍പ്പെടുത്തുന്നത്.