ജി സുധാകരന്‍ കമ്മിറ്റിയില്‍ പങ്കെടുക്കാതിരുന്നത് പാര്‍ട്ടിയെ അറിയിക്കാതെ; അമ്പലപ്പുഴയിലെ പരാതി പാര്‍ട്ടി അന്വേഷിക്കുമെന്നും എ വിജയരാഘവന്‍
സുധാകരന്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാത്തത് എന്തെന്ന് അറിയില്ല. വ്യക്തി കേന്ദ്രീകൃത പരിശോധനയല്ലെന്നും എ വിജയരാഘവന്‍
തിരുവനന്തപുരം: ജി സുധാകരന്‍ പാര്‍ട്ടിയെ അറിയിക്കാതെയാണ് സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാതിരുന്നതെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. അദ്ദേഹം പങ്കെടുക്കാത്തത് എന്തെന്ന് അറിയില്ല. അമ്പലപ്പുഴയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് പരാതി ലഭിച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി അക്കാര്യം പരിശോധിക്കും. പ്രവര്‍ത്തനങ്ങളിലെ പരിമിതി സംബന്ധിച്ച് അന്വേഷിക്കാന്‍ കമ്മിഷനെ വെച്ചിട്ടുണ്ട്. വ്യക്തി കേന്ദ്രീകൃത പരിശോധനയല്ല. കാര്യങ്ങളാകെ വിലയിരുത്തും. പരാതിയുടെ നിജസ്ഥിതി പാര്‍ട്ടി പരിശോധിക്കും. പരിശോധനക്ക് ശേഷം വിശകലമുണ്ടാവുമെന്നും എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
മണ്ഡലങ്ങളില്‍ സംഭവിച്ചിട്ടുള്ള പോരായ്മകള്‍ പാര്‍ട്ടി പരിശോധിക്കും. ജോസ് കെ മാണി മല്‍സരിച്ച പലായിലെ പരാജയം, കല്‍പറ്റയില്‍ ശ്രേയാംസ്‌കുമാറിന്റെ പരാജയം എന്നിവ പാര്‍ട്ടി പരിശോധിക്കും. വലിയ വിജയത്തിനിടയിലുണ്ടായ പരാജയങ്ങള്‍ ഗൗരവ പൂര്‍വം കാണും.
സമൂഹത്തിലെ ദൂഷിത പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയിലേക്ക് വളരുന്നത് പരിശോധിക്കാന്‍ എപ്പോഴും പാര്‍ട്ടി ശ്രമിച്ചിട്ടുണ്ടെന്ന് സിപിഐയുടെ വിമര്‍ശനത്തോട് പ്രതികരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ വിനയാന്വിതരായി നിലയുറപ്പിച്ച് കര്‍മ നിരതരാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു.
പാര്‍ട്ടിയുടെ അടിത്തറയും ഗുണപരമായ മാറ്റവും മെച്ചമാക്കാനും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. പാര്‍ട്ടി വിദ്യാഭ്യാസ പരിപാടി വിപുലമാക്കും. രാഷ്ട്രീയവും സംഘടനപരവുമായ കുറവുകള്‍ പരിഹരിക്കും. സംസ്ഥാനത്തെ പൊതു ബോധം വലതുപക്ഷത്തേക്ക് നീങ്ങുന്നത് തടയാനുള്ള നടപടി സ്വീകരിക്കും. ശാസ്ത്ര ബോധവും യുക്തി ബോധവും വളര്‍ത്താനും പാര്‍ട്ടി തീരുമാനിച്ചു.
പാര്‍ട്ടി വിദ്യാഭ്യാസവും പനര്‍വിദ്യാഭ്യാസവും നല്‍കാന്‍ 20 ചുമതലകള്‍ സംസ്ഥാന കമ്മിറ്റി നല്‍കിയിട്ടുണ്ട്.
കിറ്റക്‌സ് എംഡി കേരളം വിട്ടു പോയതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. അദ്ദേഹത്തിന് വേറെ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.