ആംബുലന്‍സ് പീഡനം: പ്രതി മാപ്പപേക്ഷിച്ചതിന്റെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു
പീഡനത്തിനു ശേഷം യുവതിയെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ആംബുലന്‍സില്‍ തന്നെ എത്തിച്ചു. ഇവിടെ ഇറങ്ങിയ പെണ്‍കുട്ടി അലറി നിലവിളിച്ചാണ് ആശുപത്രിക്ക് കയറിപ്പോയത്.
പത്തനംതിട്ട: കൊവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിച്ച ഡ്രൈവര്‍ പിന്നീട് ഇരയോട് മാപ്പപേക്ഷിച്ചുവെന്ന് പോലീസ്. ചെയ്തത് തെറ്റായിപ്പോയെന്നും ആരോടും പറയരുതെന്നുമാണ് ഇയാള്‍ യുവതിയോട് അപേക്ഷിച്ചത്. പ്രതി ക്ഷമാപണം നടത്തുന്നത് യുവതി തന്റെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ കേസ് അന്വേഷണത്തില്‍ നിര്‍ണായക തെളിവാണെന്ന് എസ്.പി. കെ ജി സൈമണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
108 ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം സ്വദേശിയായ നൗഫലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാള്‍ കൊലക്കേസ് പ്രതിയാണെന്നും പൊലീസ് പറഞ്ഞു. പന്തളം സ്വദേശിയായ പെണ്‍കുട്ടിക്ക് അടൂരിലെ ബന്ധുവീട്ടില്‍ വച്ചാണ് രോഗം ബാധിച്ചത്. പെണ്‍കുട്ടിയുമായി അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് അവിടെ നിന്ന് മറ്റൊരു കോവിഡ് പോസിറ്റീവ് ആയ സ്ത്രീയുമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തി. ഇവിടെ രണ്ടാമത്തെ സ്ത്രീയെ ഇറക്കിയ ശേഷം പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുമായി ആംബുലന്‍സ് പന്തളത്തേക്ക് മടങ്ങി. ആറന്മുള വിമാനത്താവള പ്രദേശത്തിന് സമീപം ആംബുലന്‍സ് നിര്‍ത്തിയാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്.
പീഡനത്തിനു ശേഷം യുവതിയെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ആംബുലന്‍സില്‍ തന്നെ എത്തിച്ചു. ഇവിടെ ഇറങ്ങിയ പെണ്‍കുട്ടി അലറി നിലവിളിച്ചാണ് ആശുപത്രിക്ക് കയറിപ്പോയത്. ഇതോടെ ആംബുലന്‍സ് ഡ്രൈവര്‍ വാഹനവുമായി കടക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ വിവരം അറിയിച്ചത് അനുസരിച്ച് ഇയാളെ പോകുന്ന വഴി അടൂര്‍ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയായ നൗഫലിനെ പിരിച്ചുവിടാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍ദേശം നല്‍കി.