ആംബുലന്‍സിലെ പീഡനം: യുവതി പരുക്കേറ്റ് അവശയായതിനാല്‍ മൊഴിയെടുക്കാനായില്ലെന്ന് പോലീസ്
യുവതിയെ തട്ടിക്കൊണ്ടു പോയതിനും നൗഫലിനെതിരെ കേസെടുത്തിട്ടുണ്ട്
പത്തനംതിട്ട: 108 ആംബുലന്‍സില്‍വെച്ച് പീഡനത്തിനിരയായ യുവതി പരുക്കേറ്റ് അവശയാണെന്ന് പോലീസ്. പ്രതി നൗഫല്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ മുട്ടിടിച്ച് വീണ യുവതിക്ക് സ്വകാര്യഭാഗങ്ങളിലുള്‍പ്പടെ ക്ഷതമേറ്റിട്ടുണ്ടെന്നും മാനസികമായും ശാരീരികമായും അവശയാണെന്നും പോലീസ് പറഞ്ഞു. മൊഴി നല്‍കാവുന്ന അവസ്ഥയിലല്ലാത്തതിനാല്‍ മൊഴി രേഖപ്പെടുത്തിയിട്ടില്ല.
യുവതിയെ തട്ടിക്കൊണ്ടു പോയതിനും നൗഫലിനെതിരെ കേസെടുത്തിട്ടുണ്ട്. അടൂരില്‍നിന്ന് ആംബുലന്‍സില്‍ കയറ്റിയ യുവതിയെ അടുത്തുള്ള പന്തളം അര്‍ച്ചന ഫസ്റ്റ് ലൈന്‍ പരിശോധനാ കേന്ദ്രത്തില്‍ ഇറക്കാതെ കോഴഞ്ചേരിക്ക് കൊണ്ടു പോയത് തട്ടിക്കൊണ്ടു പോകലിന്റെ പരിധിയില്‍ വരുന്നതാണെന്നാണ് പൊലീസ് പറയുന്നത്.
യാത്രയിലുടനീളം യുവതിയോട് ലൈംഗിക ചുവയോടെയാണ് പ്രതി നൗഫല്‍ സംസാരിച്ചത്. ഇതിനിടെ ആറന്മുള വിമാനത്താവളത്തിനായി നേരത്തെ എടുത്ത സ്ഥലത്തേക്ക് വഴി മാറ്റി ആംബുസന്‍സ് ഓടിക്കുകയായിരുന്നു. ഇതിനുശേഷം പിന്‍വശത്തെ വാതില്‍ തുറന്ന് യുവതിയുടെ അടുത്തേക്ക് എത്തി അകത്ത് നിന്ന് വാതില്‍ കുറ്റിയിട്ടു. ഉപദ്രവിക്കുന്നതിനിടയില്‍ നടന്ന പിടിവലിയിലാണ് യുവതി മുട്ടിടിച്ചു നിലത്തു വീണത്.