സൈക്കിള്‍ വാങ്ങാനുള്ള പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ അമേയക്ക് സൈക്കില്‍ നല്‍കി അമേരിക്കന്‍ മലയാളി

Update: 2020-05-09 12:58 GMT

മാള: റംസാന്‍ പെരുന്നാളിന് സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ചു വച്ചിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ അമേയക്ക് നല്‍കാന്‍ പുതിയ സൈക്കിളുമായി റംസാന്‍ നൊയമ്പു കാലത്തെ ഏറ്റവും പ്രധാന ദിവസമായ പതിനേഴാംരാവില്‍ തന്നെ വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ വീട്ടിലെത്തി.

മാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത അറിഞ്ഞ അമേരിക്കയില്‍ കുടുംബസമേതം താമസിക്കുന്ന വടമ പതിനേഴാം വാര്‍ഡ് സ്വദേശി പുളിക്കല്‍ സാനി മകന്‍ പോളിയാണ് അമേയക്ക് സൈക്കിള്‍ വാങ്ങി നല്‍കാനുള്ള പണം നല്‍കാനുള്ള ആഗ്രഹം മാള ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ഉറുമീസ് മുഖാന്തിരം എം എല്‍ എയെ അറിയിച്ചത്. മാളയിലെ പൊതുരംഗത്തെ സജീവ പ്രവര്‍ത്തകനായ ചൊവ്വരക്കാരന്‍ നൗഷാദിന്റെയും ഷീബത്തിന്റെയും മകളായ അമേയ ഒരു വര്‍ഷമായി ബാപ്പയും ഉമ്മയും മറ്റും നല്‍കുന്ന ചില്ലറകള്‍ സൈക്കിള്‍ വാങ്ങാനായി കൂട്ടി വെയ്ക്കാന്‍ തുടങ്ങിയിട്ട്. ഈ വരുന്ന റംസാന് കുടുക്ക പൊട്ടിച്ച് സൈക്കിള്‍ വാങ്ങി നല്‍കണമെന്ന് നൗഷാദിനോട് അമേയ അവശ്യപ്പെട്ടിരുന്നതാണ്. ലോക്ക് ഡൗണ്‍ തുടങ്ങിയ സമയം മുതല്‍ ജോലികളെല്ലാം മാറ്റി വച്ച് നൗഷാദ് മാള ഗ്രാമപഞ്ചായത്തില്‍ സന്നദ്ധ പ്രവര്‍ത്തകനായി തുടരുകയാണ്.

ദിവസവും നൗഷാദ് തിരിച്ചു വരുമ്പോള്‍ വിശേഷങ്ങള്‍ ചോദിക്കുകയും വാപ്പയോടൊപ്പം ഇരുന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കാണുകയും ചെയ്യാറുണ്ട് ഈ കൊച്ചു മിടുക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പലരും സംഭാവന നല്‍കുന്ന വാര്‍ത്ത കേട്ടാണ് അമേയ തന്റെ കാശ്കുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ സാധിക്കുമോയെന്ന് നൗഷാദിനോട് ചോദിച്ചത്. നൗഷാദ് മകളുടെ ആഗ്രഹം അറിയിച്ചതു പ്രകാരം വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ വിട്ടിലെത്തി കാശുകുടുക്ക ഏറ്റുവാങ്ങി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയായിരുന്നു.

മാള സോക്കോര്‍സോ കോണ്‍വെന്റ് സ്‌കൂളില്‍ മൂന്നാംതരത്തില്‍ പഠിക്കുന്ന അമേയ നല്ല പാട്ടുകാരി കൂടിയാണ്. 

Tags:    

Similar News