മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി കുടുംബശ്രീ അംഗങ്ങളും കുടുംബവും
മലപ്പുറം: കുടുംബ 'ശ്രീ' ക്കൊപ്പം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്നപ്പോള്‍ സാമൂഹ്യ അടുക്കളയോളം പോന്നൊരു സാമൂഹ്യ സേവനത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു ജില്ല. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി.കെ ഹേമലതയുടെ നേതൃത്വത്തിലാണ് ഓഫീസ് ജീവനക്കാരും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനമെടുത്തത്. ഇവര്‍ ശേഖരിച്ച 25,000 രൂപയുടെ ചെക്ക് ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന് കൈമാറി.
കൊവിഡിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഭക്ഷണലഭ്യത ഉറപ്പ് വരുത്തുന്നതിനായി ആരംഭിച്ച സാമൂഹ്യ അടുക്കളകളുടെ ജില്ലയിലെ മേല്‍നോട്ടം കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററായ സി കെ ഹേമലതയുടെ കൈകളിലാണ്. മേല്‍നോട്ടത്തിനൊപ്പം വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്കും കൊവിഡ് കെയര്‍ സെന്ററുകളിലേക്കുള്ള ഭക്ഷണം പാകം ചെയ്യുന്നതിലും കുടംബശ്രീയിലെ ഓഫീസ് ജീവനക്കാരും കുടുംബവും ഇവര്‍ക്കൊപ്പമുണ്ട്.
കുടുംബശ്രീയിലെ ഓഫീസ് ജീവനക്കാരോടൊപ്പം കോട്ടക്കലിലുള്ള സ്വകാര്യ കോച്ചിംഗ് സെന്ററിലെ കെമിസ്ട്രി അധ്യാപകനായ ഭര്‍ത്താവ് അരുണിന്റെ ശിഷ്യരും സുഹൃത്തുക്കളുമടക്കമുള്ളവരും ചേര്‍ന്നാണ് ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കിയത്.