കുവൈത്ത് സിറ്റി: കുവൈത്തിലെ രാഷ്ട്രീയ തടവുകാര്‍ക്ക് അമീര്‍ ശെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് പൊതുമാപ്പ് പ്രഖ്യാപിച്ചു. അഭിപ്രായ സ്വാതന്ത്ര്യ നിയമങ്ങള്‍ ലംഘിച്ചതിന് വര്‍ഷങ്ങളോളം തടവിന് ശിക്ഷിക്കപ്പെട്ട കുവൈത്തിലെ രാഷ്ട്രീയ തടവുകാര്‍ക്ക് പ്രത്യേക പൊതുമാപ്പ് അനുവദിച്ച് തിങ്കളാഴ്ച അമീരി ഉത്തരവ് പുറപ്പെടുവിച്ചു. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കപ്പെടുന്നതോടെ രാഷ്ട്രീയ കേസുകളില്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് അമീര്‍ നല്‍കിയ പൊതുമാപ്പ് പ്രാബല്യത്തില്‍ വരും.
മന്ത്രിസഭയുടെ പ്രതിവാര യോഗത്തില്‍ തീരുമാനം അംഗീകരിച്ചതിന് പിന്നാലെയാണ് അമീര്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ മന്ത്രിയുമായ ബറാക് അല്‍ ഷതാന്‍ അറിയിച്ചു. ഭരണഘടനയുടെ 75ാം വകുപ്പ് അനുസൃതമായാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. വിവിധ കുറ്റങ്ങളില്‍ തടവിലായ സ്വദേശികള്‍ക്കാണ് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുക. 2011 നവംബര്‍ 16 മുതല്‍ 2021 അവസാനം വരെ തടവിലാക്കപ്പെട്ട നിരവധി കുവൈത്ത് പൗരന്‍മാര്‍ക്ക് പൊതുമാപ്പ് നല്‍കാന്‍ ഉത്തരവിലുണ്ട്.
കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് കൈയേറ്റക്കേസിലും മറ്റും ഉള്‍പ്പെട്ട് വിദേശങ്ങളില്‍ രാഷ്ട്രീയ അഭയം തേടിയ മുന്‍ എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കുവൈത്ത് പൊതുമാപ്പ് നല്‍കിയിരുന്നു. പൊതുമാപ്പിന് അര്‍ഹരായ തടവുകാരുടെ പേരുവിവരങ്ങള്‍ തയ്യാറാക്കാന്‍ മന്ത്രിമാരും അറ്റോണി ജനറലും ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയും ഉള്‍പ്പെടുന്ന പ്രത്യേക സമിതി അടുത്ത ദിവസം തന്നെ യോഗം ചേരുമെന്ന് ബറാക് അല്‍ ഷതാന്‍ പറഞ്ഞു. എന്നാല്‍, എത്ര തടവുകാര്‍ക്ക് മാപ്പ് നല്‍കുമെന്നും പ്രത്യേക സമിതിയുടെ പ്രവര്‍ത്തന സമയപരിധി സംബന്ധിച്ച വിശദാംശങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
കുവൈത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്ന ഒരു വിദേശ രാജ്യത്തിനെതിരേ ആക്രമണം നടത്തിയതിന് ശിക്ഷിക്കപ്പെട്ട തടവുകാര്‍ക്ക് പൊതുമാപ്പിന്റെ പരിരക്ഷ ലഭിക്കും. കുവൈത്തിന്റെ ആഭ്യന്തര സ്ഥിതിയെക്കുറിച്ച് രാജ്യത്തിന്റെ സ്ഥാനം തകര്‍ക്കുന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ജയിലില്‍ കഴിയുന്നവരും ഇതില്‍ ഉള്‍പ്പെടുന്നു. അമീറിന്റെ അധികാരത്തെ രേഖാമൂലമോ പ്രസംഗത്തിലൂടെയോ പരസ്യമായി അപമാനിച്ചതിന് ജയിലില്‍ കഴിയുന്ന തടവുകാരെയും പൊതുമാപ്പില്‍ ഉള്‍പ്പെടുത്തും.
മറ്റുള്ളവരെയോ രാജ്യത്തിന്റെ സുരക്ഷയെയോ ഭീഷണിപ്പെടുത്തുന്നതിനായി ഫോണ്‍ ദുരുപയോഗം ചെയ്തതിന് ശിക്ഷിക്കപ്പെട്ടവരും ഇതില്‍ ഉള്‍പ്പെടും. ഏതാനും മാസങ്ങള്‍ക്കുമുമ്പ്, അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹ് നിരവധി പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ മാപ്പുനല്‍കിക്കൊണ്ട് ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അവരില്‍ പലരും രാജ്യത്തെ മറ്റ് നിരവധി തടവുകാരും തുര്‍ക്കിയില്‍ പ്രവാസജീവിതം നയിച്ചു. കൂടുതല്‍ രാഷ്ട്രീയ തടവുകാര്‍ക്ക് മാപ്പ് നല്‍കണമെന്ന ഭൂരിപക്ഷം എംപിമാരുടെയും പ്രധാന ആവശ്യം അംഗീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു.