അമ്മയില്‍നിന്ന് പുറത്താക്കാനുള്ള തെറ്റ് ചെയ്തിട്ടില്ല; തനിക്കെതിരേ നീങ്ങുന്നത് അച്ഛനോട് കലിപ്പുള്ളവര്‍: ഷമ്മി തിലകന്‍
കൊച്ചി: അമ്മയില്‍നിന്നു പുറത്താക്കാനുള്ള തെറ്റ് ചെയ്തിട്ടില്ലെന്നു നടന്‍ ഷമ്മി തിലകന്‍. താരസംഘടന തന്നെ പുറത്താക്കുമെന്നു കരുതുന്നില്ല. തന്റെ വാക്കുകളെ വളച്ചൊടിച്ചു. മാഫിയാ സംഘമെന്ന് ആരെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷമ്മി തിലകനെതിരേ പ്രതിഷേധമുണ്ടെന്നും നടപടിയെടുക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും അമ്മ ഭാരവാഹികള്‍ യോഗത്തിന് ശേഷം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഷമ്മി തിലകന്‍.
തെറ്റുണ്ടെങ്കില്‍ നടപടി നേരിടാന്‍ തയ്യാറാണ്. തന്റെ ഭാഗം ആരും കേട്ടില്ല. താന്‍ ചൂണ്ടിയ പ്രശ്‌നങ്ങള്‍ എന്തിനു വേണ്ടിയാണെന്ന് അമ്മയിലെ ഭൂരിപക്ഷം അംഗങ്ങള്‍ക്കും അറിയില്ല. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഭാരവാഹികള്‍ക്കു നിരവധി കത്തുകള്‍ നല്‍കിയിട്ടുണ്ട്. അതിനു മറുപടിയൊന്നും ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ അറിയാതെയാണ് അംഗങ്ങള്‍ തനിക്കെതിരേ പ്രതികരിച്ചിട്ടുള്ളത്.
1994ല്‍ അമ്മ എന്ന സംഘടന സ്ഥാപിതമായതു തന്റെ കൂടി പണം കൊണ്ടാണ്. സംഘടനയില്‍ മൂന്നാമതായി അംഗത്വമെടുത്ത വ്യക്തിയാണ് താന്‍. ഇന്നത്തെ വൈസ് പ്രസിഡന്റ് മണിയന്‍പിള്ള രാജുവാണ് അന്ന് അംഗത്വ പണം വാങ്ങിയത്. പണം കാശ് ആയി വേണോ ചെക്ക് ആയി വേണോയെന്നു ചോദിച്ചപ്പോള്‍ ലെറ്റര്‍ പാഡ് ഒക്കെ അടിക്കേണ്ടേ, കാശായി തന്നാല്‍ മതിയെന്നാണ് അന്ന് മണിയന്‍പിള്ള രാജു പറഞ്ഞത്. അപ്പോള്‍തന്നെ പതിനായിരം രൂപ താന്‍ കൊടുക്കുകയും ചെയ്തു. അമ്മയ്ക്കുവേണ്ടി ലെറ്റര്‍പാഡ് അടിക്കാനായി തന്റെ പണമാണ് അന്ന് ഉപയോഗിച്ചത്. ആ ലെറ്റര്‍ പാഡില്‍തന്നെ പുറത്താക്കിയ നോട്ടീസ് വരട്ടെ, അപ്പോള്‍ പ്രതികരിക്കാമെന്നും ഷമ്മി തിലകന്‍ മാധ്യമങ്ങളോടു പറഞ്ഞു.
മോഹന്‍ലാലിനെതിരേയും അദ്ദേഹം ഒളിയമ്പെയ്തു. തനിക്കെതിരായ 'അമ്മ'യുടെ നീക്കത്തിന് പിന്നില്‍ അച്ഛനോട് കലിപ്പുള്ളവരാണ്. നടപടി എടുക്കരുതെന്ന് മമ്മൂട്ടി അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. മമ്മൂക്ക കഴിഞ്ഞ തവണയും ഇത് പറഞ്ഞിരുന്നു. താക്കീത് മതിയെന്നും ചിലര്‍ പറഞ്ഞു. എന്താണ് ഞാന്‍ പറഞ്ഞതെന്നും എന്തിന് വേണ്ടിയാണ് ഞാന്‍ പ്രതികരിച്ചതെന്നും അറിയാവുന്നതുകൊണ്ടാണ് അവര്‍ അങ്ങനെ പറയുന്നത്. ഞാന്‍ കൊടുത്ത റിപോര്‍ട്ടുകളൊന്നും ചില ആളുകള്‍ക്ക് അറയിയില്ല, പണ്ട് അച്ഛന്‍ പറഞ്ഞ പോലെ ചില വ്യക്തികള്‍ക്ക് അത് എതിരാണ്. സത്യത്തെ മൂടിവയ്ക്കാനാവില്ല. അമ്മയില്‍നിന്ന് നീതി ലഭിക്കില്ലെന്ന വിശ്വാസം തനിക്കില്ലെന്നും ഷമ്മി കൂട്ടിച്ചേര്‍ത്തു.