തിരുവനന്തപുരം: രാജ്യത്തെ ബിബിസി ഓഫിസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ റെയ്ഡിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ആദായനികുതി വകുപ്പ് പരിശോധനകളുടെ ഉദ്ദേശശുദ്ധി അങ്ങേയറ്റം സംശയകരമാണെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു. വിവാദമായ ബിബിസി ഡോക്യുമെന്ററിയില്‍ ഭരണകൂടം പ്രകോപിതരായിരുന്നുവെന്നും ആ പശ്ചാത്തലത്തിലാണ് ആദായനികുതി വകുപ്പ് ബിബിസിക്കുനേരേ തിരിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിത്. ഇതിനെതിരേ രാജ്യാന്തര മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു. രാജ്യാന്തര സമൂഹത്തിനു മുന്നില്‍ രാജ്യത്തിന് നാണക്കേട് ഉണ്ടാക്കുന്നതാണിത്. മാധ്യമസ്വാതന്ത്യത്തിന് വിഘാതമാവുന്ന ഏതൊരു നടപടിയും തെറ്റാണെന്നും ജനാധിപത്യ സമൂഹം ഇതിനെതിരേ പ്രതിഷേധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.