ബിബിസി ഓഫിസുകളിലെ ആദായ നികുതി വകുപ്പ് പരിശോധന അവസാനിച്ചു; ഭയവും പക്ഷപാതവുമില്ലാതെ മാധ്യമപ്രവര്‍ത്തനം തുടരുമെന്ന് ബിബിസി
ന്യൂഡല്‍ഹി: ബിബിസിയുടെ മുംബൈ- ഡല്‍ഹി ഓഫിസുകളിലെ ആദായനികുതി വകുപ്പ് പരിശോധന മൂന്നുദിവസത്തിനുശേഷം പൂര്‍ത്തിയായി. ആകെ 60 മണിക്കൂറാണ് പരിശോധനയുണ്ടായത്. ബിബിസിയുടെ ഡല്‍ഹി ഓഫിസില്‍ തുടര്‍ച്ചയായുള്ള പരിശോധനയെ തുടര്‍ന്ന് 10 ജീവനക്കാര്‍ക്ക് മൂന്ന് പകലും രണ്ട് രാത്രിയും ഓഫിസില്‍ തങ്ങേണ്ടിവന്നു. 2012 മുതലുള്ള അക്കൗണ്ട് വിവരങ്ങളാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. പരിശോധന പൂര്‍ത്തിയായ ഉടന്‍ ബിബിസിയുടെ വിശദീകരണവുമെത്തി. ചില ജീവനക്കാരെ നീണ്ട ചോദ്യംചെയ്യലിന് വിധേയരാക്കിയെന്നും ചിലര്‍ക്ക് രാത്രിയും ഓഫിസില്‍ തങ്ങേണ്ടിവന്നുവെന്നും ബിബിസി അറിയിച്ചു.
ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരും. ജീവനക്കാര്‍ക്ക് പിന്തുണയുണ്ടാവും. ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നത് തുടരുമെന്നും എത്രയും വേഗം കാര്യങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു ബിബിസി പറഞ്ഞു. 'ബിബിസി വിശ്വസനീയവും സ്വതന്ത്രവുമായ ഒരു മാധ്യമസ്ഥാപനമാണ്. ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരും, ജീവനക്കാര്‍ക്ക് പിന്തുണയുണ്ടാവും. ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫിസുകളിലെ പരിശോധന ആദായനികുതി അധികൃതര്‍ അവസാനിപ്പിച്ചു. ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നത് തുടരും, എത്രയും വേഗം കാര്യങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ജീവനക്കാരെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ജീവനക്കാരില്‍ ചിലര്‍ക്ക് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് വിധേയരാവേണ്ടിവന്നിട്ടുണ്ട്. അവരുടെ ക്ഷേമമാണ് ഞങ്ങളുടെ മുന്‍ഗണന'- ബിബിസി ട്വീറ്റ് ചെയ്തു. പരിശോധന പൂര്‍ത്തിയായതോടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ മൂന്ന് ദിവസത്തോളം സെന്‍ട്രല്‍ ഡല്‍ഹിയിലെ കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലെ ഓഫീസില്‍ ചെലവഴിച്ചിരുന്ന 10 ഓളം ജീവനക്കാര്‍ വീടുകളിലേക്ക് മടങ്ങി. ബിബിസിയുടെ ഓഫിസുകളില്‍ എഡിറ്റോറിയല്‍ അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരുടെ ഉള്‍പ്പെടെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു.
ചില ജീവനക്കാരോട് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് രാത്രി വൈകിയും ചോദ്യം ചെയ്തതായും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തിരുന്നു. മൊഴി രേഖപ്പെടുത്തിയത് ഏറ്റവും പ്രധാനപ്പെട്ട ജീവനക്കാരുടെ മാത്രമാണെന്നും നടപടികള്‍ക്കിടെ ആരുടെയും ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വിശദീകരിച്ചു. ക്ലോണിങ് നടത്തിയത് പ്രധാനപ്പെട്ട ഉപകരണങ്ങള്‍ മാത്രമാണ്. അതിന് ശേഷം ഇവ തിരികെ നല്‍കി.
ജീവനക്കാരെ പതിവുപോലെ ജോലി ചെയ്യാനും പുറത്തുപോവാനും അനുവദിച്ചു. മറുപടി നല്‍കാന്‍ വേണ്ടത്ര സമയം നല്‍കിയെന്നും ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നു. അതേസമയം, പരിശോധനാ സമയം ഇത്രയും നീണ്ടുപോയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചും 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചും ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററി പുറത്തുവന്നതിന് ആഴ്ചകള്‍ക്കുള്ളില്‍ നടന്ന പരിശോധനയ്‌ക്കെതിരേ വ്യാപകവിമര്‍ശനമാണ് ഉയരുന്നത്.