ഏക സിവില്‍കോഡ് ഗൗരവമേറിയത്; കോണ്‍ഗ്രസ് ജാഗ്രത കാണിക്കണം: പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഏക സിവില്‍കോഡ് വിഷയം ഗൗരവമേറിയതാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ജാഗ്രത കാണിക്കണം. രാജ്യസഭയില്‍ ഇന്നലെ വന്നത് സ്വകാര്യ ബില്ലാണ്. എതിര്‍ത്ത് സംസാരിക്കാന്‍ കോണ്‍ഗ്രസിലെ ആരെയും കാണാത്തതാണ് ലീഗ് അംഗത്തിന്റെ പരാമര്‍ശത്തിന് കാരണം.
എന്നാല്‍, ഭാവിയില്‍ കോണ്‍ഗ്രസടക്കമുള്ള മതേതര പാര്‍ട്ടികള്‍ ഇത് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മറ്റ് വിലയിരുത്തലുകള്‍ ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. എക സിവില്‍കോഡ് സ്വകാര്യബില്ലായി ബിജെപി രാജ്യസഭയിലെത്തിയപ്പോള്‍ എതിര്‍പ്പുന്നയിക്കാതെ കോണ്‍ഗ്രസ് വിട്ടുനിന്നിരുന്നു. ലീഗ് അംഗം അബ്ദുല്‍ വഹാബ് കോണ്‍ഗ്രസിനെ പ്രസംഗത്തിനിടെ വിമര്‍ശിച്ചിരുന്നു. ഇക്കാര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.