'ജയ് ശ്രീറാം' വിളികളോടെ ഏകസിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിച്ചു

Update: 2024-02-06 13:47 GMT

ഡെറാഡൂണ്‍: ബിജെപി എംഎല്‍എമാരുടെ 'ജയ് ശ്രീറാം' വിളികള്‍ക്കും കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധങ്ങള്‍ക്കുമിടെ വിവാദമായ ഏക സിവില്‍ കോഡ് കരട് ബില്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് ബില്‍ അവതരിപ്പിച്ചത്. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയവയില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും ഒറ്റ നിയമം നിര്‍ദേശിക്കുന്നതാണ് കരട് ബില്‍. അതേസമയം, ഗോത്രവിഭാഗക്കാരെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഏക സിവില്‍കോഡ് കരടിന് ഞായറാഴ്ച ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. സര്‍ക്കാര്‍ നടപടി തിടുക്കപ്പെട്ടുള്ളതാണെന്നും കരട് ബില്‍ വായിക്കാന്‍ പോലും സമയം നല്‍കിയില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പ്ലക്കാര്‍ഡുകളുമായി കോണ്‍ഗ്രസ് നേതാക്കള്‍ സഭയില്‍ പ്രതിഷേധിക്കുകയും ചെയ്തു.

    ചര്‍ച്ചപോലും നടത്താതെ ഏക സിവില്‍ കോഡ് സംസ്ഥാനത്ത് നടപ്പാക്കാനുള്ള ശ്രമമാണ് ബിജെപിയുടേതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് പറഞ്ഞു. ചട്ടങ്ങള്‍ പാലിക്കാതെയാണ് ബില്‍ പാസ്സാക്കാന്‍ സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രിയും തിടുക്കം കാട്ടുന്നത്. ബില്ലിന്റെ പകര്‍പ്പ് പോലും പ്രതിപക്ഷത്തിന് ലഭിച്ചിട്ടില്ല. ബില്‍ പഠിക്കും മുമ്പ് ഉടനടി ചര്‍ച്ച വേണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഉത്തരാഖണ്ഡ് പോലെയൊരു സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നടപ്പാക്കി കേന്ദ്രം ഭരിക്കുന്ന ബിജെപി പരീക്ഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിവാഹം കഴിക്കാതെയുള്ള ലിവ്ഇന്‍ ടുഗെതര്‍ ബന്ധങ്ങള്‍, ബഹുഭാര്യത്വം, ബഹുഭര്‍തൃത്വം, ശൈശവവിവാഹം തുടങ്ങിയ കര്‍ശനമായി നിരോധിക്കുമെന്ന് ബില്ലില്‍ പറയുന്നുണ്ട്. എല്ലാ മതങ്ങളിലുമുള്ള പെണ്‍കുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കല്‍, വിവാഹമോചനത്തിനുള്ള ഏകീകൃത നടപടിക്രമം എന്നിവയും ബില്ലിലുണ്ട്. നേരത്തേ, ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് രാജ്യത്ത് ഏകസിവില്‍ കോഡ് കൊണ്ടുവരുമെന്നും ആദ്യഘട്ടത്തില്‍ ഉത്തരാഖണ്ഡിലാണ് നടപ്പാക്കുകയെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഉത്തരാഖണ്ഡില്‍ റിട്ട. സുപ്രിംകോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. നാലു വോള്യങ്ങളിലായി 749 പേജുള്ള കരട് നിര്‍ദേശങ്ങളാണ് സമിതി തയ്യാറാക്കിയത്. ബില്‍ അവതരിപ്പിക്കാനായി രണ്ട് ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനമാണ് സര്‍ക്കാര്‍ വിളിച്ചത്. ദേവഭൂമിയായ ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക് തുല്യ അവകാശം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഏക സിവില്‍ കോഡ് ബില്‍ കൊണ്ടുവന്നതെന്നും ഇത് അഭിമാന നിമിഷമാണെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.

    ലിവ് ഇന്‍ ബന്ധങ്ങള്‍ ഒരു മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അല്ലാത്തപക്ഷം പിഴയോ ജയില്‍ ശിക്ഷയോ ഉണ്ടാവുമെന്നും ബില്ലില്‍ പറയുന്നുണ്ട്. മൂന്നുമുതല്‍ ആറുമാസം വരെ തടവും 10000 രൂപ വരെ പിഴയുമാണ് ബില്ലിലെ നിര്‍ദേശം. ബിജെപി കിടപ്പുമുറികളിലേക്ക് കാലെടുത്തുവച്ചിരിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സാകേത് ഗോഖലെ വിമര്‍ശിച്ചു. ഒരു പുരുഷനും സ്ത്രീയും ഒരുമിച്ച് ജീവിക്കുന്നത് തങ്ങള്‍ ഒരു ലിവ്ഇന്‍ ബന്ധത്തിലല്ലെന്ന് തെളിയിക്കേണ്ടതുണ്ട് എന്നത് ഞെട്ടിക്കുന്ന വ്യവസ്ഥയാണ്. ഏതെങ്കിലും ഭ്രാന്തന്മാരോ സദാചാര സംഘമോ ഒരു പരാതി ഫയല്‍ ചെയ്താല്‍ അവര്‍ക്ക് തോന്നുമ്പോഴെല്ലാം നിങ്ങളെ അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്നവരുടെ സമ്മതത്തോടെയുള്ള വ്യക്തിജീവിതത്തിലേക്ക് കടന്നുകയറാനുള്ള ബിജെപി സര്‍ക്കാരിന്റെ ലജ്ജാകരമായ ശ്രമമാണ് ബില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദ് പറഞ്ഞു.

Tags:    

Similar News