ആംനസ്റ്റിക്ക് വിലക്ക്: രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കാനുള്ള സംഘ്പരിവാര്‍ ശ്രമമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിനെ ഇന്ത്യയില്‍ നിരോധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തുന്ന പ്രതികാര നടപടികള്‍ രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുന്നതാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. കഴിഞ്ഞ ഏതാനും നാളുകളായി വിവിധ മാര്‍ഗങ്ങളിലൂടെ ആംനസ്റ്റി എന്ന അന്താരാഷ്ട്ര തലത്തില്‍തന്നെ ഏറെ പ്രശസ്തിയാര്‍ജ്ജിച്ച മനുഷ്യാവകാശ സംഘടനയ്ക്ക് നേരെ വ്യത്യസ്ത രീതിയിലുള്ള നിരോധന ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തി വരുന്നത്. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചും വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ സംഘടനയ്ക്ക് നേരെ നടപടികള്‍ എടുത്തും ഓഫീസില്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റെയ്ഡ് നടത്തിയും കൃത്യമായ ഫാഷിസ്റ്റ് അജണ്ട നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ബിജെപി അധികാരത്തിലേറിയതിനു ശേഷം മുസ്‌ലിം ദളിത് പിന്നാക്ക സമുദായങ്ങള്‍ക്ക് നേരെ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഭരണ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള റിപോര്‍ട്ടുകളും ഇടപെടലുകളും ഇല്ലാതാക്കാമെന്നാണ് സംഘ്പരിവാര്‍ സര്‍ക്കാര്‍ കരുതുന്നത്.
ഡല്‍ഹി കലാപത്തെക്കുറിച്ചുള്ള ആംനസ്റ്റിയുടെ അന്വേഷണവും സര്‍ക്കാരിനോടുള്ള ചോദ്യങ്ങളും ഇന്ത്യയിലെ ജനാധിപത്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ഡല്‍ഹിയില്‍ പോലിസും ആര്‍എസ്എസ്സും ചേര്‍ന്ന് നടത്തിയത് ആസൂത്രിതമായ കലാപമായിരുന്നുവെന്ന് തെളിയിക്കുന്ന റിപോര്‍ട്ടുകള്‍ ആംനസ്റ്റി പുറത്തുവിട്ടിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെക്കുറിച്ചും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും ലംഘിക്കപ്പെടുന്നതിനെക്കുറിച്ചും ശക്തമായ ഭാഷയില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ സംസാരിച്ചിരുന്നു. എന്നാല്‍ ഇത്തരം അടിച്ചമര്‍ത്തലുകളെ പുറംലോകത്ത് എത്തിക്കാതെ കൈകാര്യം ചെയ്യാനാണ് ഫാഷിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് പറയുന്ന ഇന്ത്യയില്‍ സംഘ്പരിവാര്‍ സര്‍ക്കാരിനു വഴങ്ങാത്ത സ്വതന്ത്ര സ്ഥാപനങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പ്രസ്തുത നടപടി. ആംനസ്റ്റി ഇന്റര്‍നാഷണലിനോട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന പകപോക്കലിനെതിരെ ഒറ്റക്കെട്ടായി ജനാധിപത്യ സമൂഹം പ്രതികരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.