ന്യൂഡല്‍ഹി: അംപന്‍ ചുഴലിക്കാറ്റ് തീവ്രമാകുന്ന സാഹചര്യത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ഒഡീഷ, ബംഗാള്‍ സംസ്ഥാനങ്ങളിലെ തീരദേശ മേഖലയിലെ ജനങ്ങളെ ഒഴിപ്പിക്കല്‍ തുടരുകയാണ്. ഒഡീഷ തീരത്ത് ചുഴലിക്കാറ്റ് എത്തുമെന്നാണ് കരുതിയെങ്കിലും ഇപ്പോള്‍ ദിശ മാറിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പശ്ചിമ ബംഗാളിലെ ദിഖ തീരത്തിനും ബംഗ്ലാദേശിലെ ഹാതിയ ദ്വീപിനും ഇടയില്‍ തീരം തൊടുമെന്നാണ് റിപോര്‍ട്ടുകള്‍.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ന്യൂഡല്‍ഹിയിലെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. കൊവിഡ് വ്യാപനം നടക്കുന്ന ഈ സമയത്ത് ചുഴലിക്കാറ്റ് കൂടി വരുന്നത് ആശങ്കയ്ക്ക് കാരണമായി.
ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളായി 37 യൂണിറ്റ് ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ കര, വ്യോമ, നാവിക സേനയ്ക്ക് പ്രതിരോധ മന്ത്രാലയം നിര്‍ദേശം നല്‍കി. അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അംപന്‍ ചുഴലികാറ്റ് മണിക്കൂറില്‍ 14 കിലോമീറ്റര്‍ വേഗതയില്‍ വടക്ക് -കിഴക്ക് ദിശയിലായി കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം മെയ് 18 നും 20 നും ഇടയില്‍ ആയിരക്കണക്കിന് കുടിയേറ്റക്കാരുമായി വരാനിരുന്ന ട്രെയിനുകള്‍ ഒഡീഷ സര്‍ക്കാര്‍ റദ്ദാക്കി.