മഹാരാഷ്ട്രയില്‍ ദുരിതപ്പെയ്ത്ത്; മണ്ണിടിച്ചിലില്‍ 36 മരണം, രക്ഷാ പ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍
കനത്തമഴയില്‍ മുംബൈയില്‍ കെട്ടിടം ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലു പേര്‍ മരിക്കുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മുംബൈ: അതിശക്തമായ മഴ തുടരുന്ന മഹാരാഷ്ട്രയില്‍ റായ്ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 36 ആയി. സഖര്‍ സുതാര്‍ വാദിയിലും തലായിലുമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
30 പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാദൗത്യം പുരോഗമിക്കുന്നതായി റായ്ഗഡ് ജില്ലാ ഭരണകൂടം അറിയിച്ചു. അതിനിടെ കനത്തമഴയില്‍ മുംബൈയില്‍ കെട്ടിടം ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലു പേര്‍ മരിക്കുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും കനത്തമഴ തുടരുകയാണ്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലുമാണ് റായ്്ഗഡ് ജില്ലയില്‍ ദുരന്തം ഉണ്ടായത്. ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. രക്ഷാദൗത്യത്തിന് സൈന്യം ഉള്‍പ്പെടെ വിവിധ ഏജന്‍സികളുടെ സഹായം തേടിയതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
വെള്ളപ്പൊക്ക അവലോകന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഹെലികോപ്റ്ററിന്റെ സഹായത്തോടെ പ്രദേശത്ത് ഒറ്റപ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. നേവിയും കോസ്റ്റ്ഗാര്‍ഡും ദേശീയ ദുരന്തനിവാരണ സേനയും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നുണ്ട്
കൊങ്കണ്‍ മേഖലയില്‍ കനത്തമഴയാണ് തുടരുന്നത്. ഇതേത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. തുടര്‍ച്ചയായ മഴയില്‍ പലഭാഗങ്ങളും വെള്ളത്തിന്റെ അടിയിലായി. ആയിരകണക്കിന് ആളുകള്‍ ഒറ്റപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുന്നതിന് ഹെലികോപ്റ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. മുംബൈയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള റായ്ഗഡിലാണ് കൂടുതല്‍ നാശം വിതച്ചത്. കോലാപൂരില്‍ ബസ് പുഴയിലേക്ക് ഒഴുകിപ്പോയി. യാത്രക്കാരെ രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.വെള്ളപ്പൊക്കത്തില്‍ കുടുങ്ങികിടക്കുന്നവരോട് വീടിന്റെ മുകളിലോ മറ്റു ഉയരമുള്ള പ്രദേശങ്ങളിലോ നിലയുറപ്പിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.
അതേസമയം കനത്തമഴയില്‍ ദുരിതം അനുഭവിക്കുന്ന മുംബൈയില്‍ അതിതീവ്ര മഴ പെയ്യുമെന്നാണ് പ്രവചനം. മുംബൈയിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത്് ജാഗ്രത പാലിക്കാന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശം നല്‍കി. മുംബൈയില്‍ ട്രെയിന്‍ സര്‍വീസുകളെയും വാഹന ഗതാഗതത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്.