കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളിലെ തീരപ്രദേശങ്ങളില്‍ ബുധനാഴ്ച വീശിയ അംപന്‍ ചുഴലിക്കാറ്റില്‍ കുറഞ്ഞത് കുറഞ്ഞത് 10 പേര്‍ കൊല്ലപ്പെട്ടു. നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധിയെ നേരിടുന്നതിനിടയിലാണ് ചുഴലിക്കാറ്റ് സംസ്ഥാനത്തെ ബാധിച്ചത്. കൊവിഡിനേക്കാള്‍ വലിയ ഭീഷണിയാണ് ചുഴലിക്കാറ്റെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്ക് 3.30നും 5.30നും ഇടയിലാണ് കാറ്റ് സബര്‍ബാന്‍ പ്രദേശത്ത് എത്തിയത്. കാറ്റിന്റെ 155-165 വേഗതയിലാണ് കാറ്റ് വീശിയതെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പറയുന്നത്. ചിലയിടങ്ങളില്‍ 185 കിലോമീറ്റര്‍ വേഗതലും കാറ്റ് വീശി.
സംസ്ഥാനത്ത് 10 മുതല്‍ 12 പേര്‍ വരെ മരിച്ചുവെന്നും തെക്കന്‍ ബംഗാളിലെ പല ജില്ലകളും അംപന്‍ കാറ്റില്‍ തകര്‍ന്നതായും മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
'ബംഗാളില്‍ കുറഞ്ഞത് 10 മുതല്‍ 12 പേര്‍ വരെ മരിച്ചു. നോര്‍ത്ത്, സൗത്ത് 24 പര്‍ഗാനാസ്, ഹൗറ, കൊല്‍ക്കത്ത, വെസ്റ്റ് മിഡ്‌നാപൂര്‍, ഈസ്റ്റ് മിഡ്‌നാപൂര്‍, പുരുലി ബന്‍കുര തുടങ്ങിയ ജില്ലകളെയാണ് അംപന്‍ ബാധിച്ചത്. ദക്ഷിണ ബംഗാളിനെ മുഴുവന്‍ ബാധിച്ചിട്ടുണ്ട്. ഞങ്ങള്‍ ഞെട്ടിപ്പോയി. നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ തന്നെ മൂന്ന് നാല് ദിവസമെടുക്കും''- സംസ്ഥാന സെക്രട്ടറിയേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് മമതാ ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.
'ഒരു വശത്ത് ഞങ്ങള്‍ കൊവിഡ് 19 മായി യുദ്ധം ചെയ്യുന്നു, മറുവശത്ത് ലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ മടങ്ങിവരുന്നു. ഇതിനെല്ലാമുപരിയായി ഇപ്പോള്‍ ചുഴലിക്കാറ്റ്. ഇത് കൊവിഡ് 19 നെക്കാള്‍ വലിയ ഒരു ദുരന്തമാണെന്ന് ഞാന്‍ കരുതുന്നു. രാഷ്ട്രീയം മറന്ന് ഞങ്ങളുമായി സഹകരിച്ച് ജനങ്ങളെ രക്ഷിക്കാന്‍ ഞാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുന്നു.''- മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
കൊല്‍ക്കത്തയില്‍ 69 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിത്തുടങ്ങിയതെങ്കിലും വൈകുന്നേരം 6.55 ഓടെ 130 കിലോമീറ്റര്‍ വേഗതയിലെത്തി. ഡം ഡം പ്രദേശത്ത്, കാറ്റിന്റെ വേഗത 133 കിലോമീറ്റര്‍ ആയിരുന്നു. ഈസ്റ്റ് മിഡ്‌നാപൂര്‍, സൗത്ത് 24 പര്‍ഗാന, നോര്‍ത്ത് 24 പര്‍ഗാന ജില്ലകളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. 2019 നവംബറില്‍ വീശിയ ബുള്‍ബുള്‍ ചുഴലിക്കാറ്റും ഇതേ പ്രദേശങ്ങളെയാണ് ബാധിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ ഇതിനകം തന്നെ 5 ലക്ഷത്തിലധികം ആളുകളെ വിവിധ ജില്ലകളിലെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.