കര്‍ഷകരെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിക്കാന്‍ പശുവിനെയും പോലിസ് സ്‌റ്റേഷനിലെത്തിച്ചു; പുല്ലും വെള്ളവുമായി പോലിസ്
'ഇപ്പോഴത്തെ സര്‍ക്കാര്‍ സ്വയം പശു ആരാധകരുടെയോ പശുപ്രേമികളുടെയോ ഒരു സര്‍ക്കാരായി കണക്കാക്കുന്നു. അതു കൊണ്ട് അതിനെ ഒരു ചിഹ്നമായി ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്
ഫത്തേഹാബാദ്: എംഎല്‍എയെ ഉപരോധിച്ചതിന്റെ പേരില്‍ അറസ്റ്റിലായ കര്‍ഷകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചവരുടെ കൂട്ടത്തില്‍ പശുവും. ഉപരോധ സമരം നടത്തിയ 40 പേര്‍ക്കൊപ്പം 41ാമനായിട്ടാണ് പശുവിനെ കൊണ്ടുവന്നതെന്ന് സമരക്കാര്‍ പറഞ്ഞു.
കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി ബിജെപിയുമായി സഖ്യമുള്ള ഹരിയാനയിലെ ജെജെപിയുടെ എംഎല്‍എ ദേവേന്ദ്ര സിംഗ് ബാബ്ലിയെ തടഞ്ഞതിനാണ് കര്‍ഷക നേതാക്കളായ വികാസ് സിസാര്‍, രവി ആസാദ് എന്നിവരെ അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചവരാണ് ഫത്തേഹാബാദ് സ്റ്റേഷനിലേക്ക് പശുവിനെയും എത്തിച്ചത്. പശുവിന് ഭക്ഷണവും വെള്ളവും നല്‍കുന്നതിന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. 'ഇപ്പോഴത്തെ സര്‍ക്കാര്‍ സ്വയം പശു ആരാധകരുടെയോ പശുപ്രേമികളുടെയോ ഒരു സര്‍ക്കാരായി കണക്കാക്കുന്നു. അതു കൊണ്ട് അതിനെ ഒരു ചിഹ്നമായി ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്, അതിന്റെ സാന്നിധ്യം സര്‍ക്കാരില്‍ എന്തെങ്കിലും സ്വാധീനം ചെലുത്താന്‍ കാരണമാകുമെന്ന് കരുതുന്നു' പ്രതിഷേധിച്ച കര്‍ഷകര്‍ പറഞ്ഞു.
പശുവിന് തീറ്റയും വെള്ളവും നല്‍കാന്‍ പോലിസ് സ്‌റ്റേഷന്റെ മുന്നില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. കമ്പിയില്‍ കെട്ടിയിട്ട പശുവിന് വെള്ളവും പുല്ലും കൊടുക്കേണ്ട ചുമതലയിലാണ് പോലിസുകാര്‍.