കര്‍ഷകര്‍ക്കു നേരെ കണ്ണീര്‍വാതകം; പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പോലിസ്, സംഘര്‍ഷാവസ്ഥ

Update: 2024-02-13 07:25 GMT

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് നടത്തുന്ന ഡില്ലി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പോലിസ് നീക്കം. രാജ്യതലസ്ഥാനത്തേക്കുള്ള പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ പോലിസ് കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. ശംഭു അതിര്‍ത്തിയിലാണ് കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചത്. ഡ്രോണുകളില്‍ മുകളില്‍ നിന്നാണ് കര്‍ഷകര്‍ക്കു നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായാണ് പ്രക്ഷോഭം നടത്തുന്നത്. പ്രക്ഷോഭം നേരിടാന്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പോലിസ് വന്‍ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. ഇരുമ്പാണി കൊണ്ടുള്ള ബാരിക്കേഡുകളും താല്‍ക്കാലിക ജയിലുകളും ഉള്‍പ്പെടെ തയ്യാറാക്കിയാണ് നേരിടുന്നത്. രണ്ടുവര്‍ഷം മുമ്പ് 16 മാസം നീണ്ട കര്‍ഷകപ്രക്ഷോഭത്തിനു മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കുകയും കാര്‍ഷിക വിരുദ്ധ നയിമങ്ങള്‍ പിന്‍വലിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വന്‍ ഒരുക്കങ്ങളാണ് നടത്തുന്നത്. ഹരിയാനയില്‍ അഞ്ചു ജില്ലകളില്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെ വിച്ഛേദിച്ചിരിക്കുകയാണ്. എന്നാല്‍, ബാരിക്കേഡുകളെല്ലാം തകര്‍ത്ത് വന്‍ ഒരുക്കത്തോടെയാണ് കര്‍ഷകരും എത്തിയിട്ടുള്ളത്. ട്രാക്റ്ററുകളിലും മറ്റും ആറു മാസത്തേക്കുള്ള അരിയും ഭക്ഷണസാധനങ്ങളും കരുതിയാണ് കര്‍ഷകരെത്തിയിട്ടുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കര്‍ഷകപ്രക്ഷോഭത്തെ എങ്ങനെ നേരിടണമെന്ന ആശങ്കയും കേന്ദ്രസര്‍ക്കാരിനുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

Tags:    

Similar News