കുവൈത്തില്‍ പൊതുമാപ്പ് കേന്ദ്രത്തില്‍ അന്തേവാസികള്‍ അക്രമാസക്തരായി; സേന കണ്ണീര്‍വാതകം പ്രയോഗിച്ചു
മൂന്നാഴ്ചയിലധികമായി ഇവിടെ കഴിയുന്ന തങ്ങളെ നാട്ടിലേക്ക് തിരിച്ചയക്കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് ഇവര്‍ സംഘടിക്കുകയും അക്രമാസക്തരാവുകയുമായിരുന്നുവെന്ന് സുരക്ഷാവൃത്തങ്ങള്‍ വ്യക്തമാക്കി.
കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേകകേന്ദ്രങ്ങളില്‍ കഴിയുന്ന അന്തേവാസികള്‍ അക്രമാസക്തരായതിനെത്തുടര്‍ന്ന് പ്രത്യേകസേന കണ്ണീര്‍ വാതകപ്രയോഗം നടത്തി. കബദ് പ്രദേശത്തെ ഒരു ക്യാംപില്‍ അല്‍പനേരം മുമ്പായിരുന്നു സംഭവം. ഈജിപ്ഷ്യന്‍ സ്വദേശികളാണു ഇവിടെ അന്തേവാസികളായി കഴിയുന്നത്. മൂന്നാഴ്ചയിലധികമായി ഇവിടെ കഴിയുന്ന തങ്ങളെ നാട്ടിലേക്ക് തിരിച്ചയക്കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് ഇവര്‍ സംഘടിക്കുകയും അക്രമാസക്തരാവുകയുമായിരുന്നുവെന്ന് സുരക്ഷാവൃത്തങ്ങള്‍ വ്യക്തമാക്കി.
എന്നാല്‍, തിരിച്ചുപോക്ക് വൈകുന്നത് കുവൈത്തിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയല്ലെന്നും ഈജിപ്ത് സര്‍ക്കാര്‍ വ്യോമഗതാഗതത്തിന് അനുമതി നല്‍കാത്തത് കാരണമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ ബോധ്യപ്പെടുത്തി. മുഴുവന്‍ അന്തേവാസികളും രാജ്യത്തെ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും നിയമലംഘനം വച്ചുപൊറുപ്പിക്കില്ലെന്നും സുരക്ഷാവൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് ഏപ്രില്‍ 1 മുതല്‍ 30 വരെ താമസനിയമലംഘകര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിനായി അപേക്ഷ സമര്‍പ്പിച്ചവരെ നാട്ടിലേക്ക് തിരിച്ചുപോവുന്നതുവരെ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള പ്രത്യേക കേന്ദ്രങ്ങളിലാണു പാര്‍പ്പിച്ചിരിക്കുന്നത്. ഇവരുടെ യാത്രാചെലവ് കുവൈത്ത് സര്‍ക്കാരാണു വഹിക്കുന്നത്.
എന്നാല്‍, ഫിലിപ്പീന്‍സ് മാത്രമാണു തങ്ങളുടെ പൗരന്‍മാരെ ഒറ്റദിവസത്തിനകം തിരിച്ചുകൊണ്ടുപോയത്. ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണു അന്തേവാസികളില്‍ ഭൂരിഭാഗവും. ഓരോ രാജ്യക്കാരെയും പ്രത്യേകകേന്ദ്രങ്ങളിലാണു പാര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍, ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യക്കാരുടെ തിരിച്ചുപോക്ക് അതാത് രാജ്യങ്ങളില്‍നിന്നുള്ള അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് അനിശ്ചിതമായി നീളുകയാണ്. അയ്യായിരത്തോളം ഇന്ത്യക്കാരാണു വിവിധ കേന്ദ്രങ്ങളില്‍ കഴിയുന്നത്. ഇവിടെ പലയിടങ്ങളിലും കൊവിഡ് വൈറസ് ബാധ പടര്‍ന്നതായും റിപോര്‍ട്ടുണ്ട്. പല കേന്ദ്രങ്ങളിലും പ്രാഥമികാവശ്യത്തിനുള്ള സൗകര്യം പോലുമില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്.