പൗരത്വഭേദഗതി നിയമം: ഡല്‍ഹിയില്‍ വീണ്ടും പ്രക്ഷോഭം; ബസ് കത്തിച്ചു, മെട്രോ സ്റ്റേഷനുകള്‍ അടച്ചു (വീഡിയോ)

പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് സമരക്കാരെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. റോഡുകള്‍ മുഴുവന്‍ കല്ലുകള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജനസാന്ദ്രതയുള്ള കോളനിയാണ് സീലാംപൂര്‍.

Update: 2019-12-17 10:58 GMT

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരേ ഡല്‍ഹിയില്‍ വീണ്ടും പ്രക്ഷോഭം ശക്തമാവുന്നു. കിഴക്കന്‍ ഡല്‍ഹിയിലെ സീലാംപൂരിലും ജഫറാബാദിലുമാണ് പ്രതിഷേധം അക്രമാസക്തമായത്. സീലംപൂരില്‍ ബസ്സിന് തീയിട്ട പ്രതിഷേധക്കാര്‍ പോലിസിന് നേരെ കല്ലേറ് നടത്തി. നഗരത്തിലെ പോലിസ് ബൂത്തിനും തീയിട്ടു. നിരവധി ബസ്സുകളും കാറുകളും തകര്‍ത്തിട്ടുണ്ട്. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പോലിസ് ലാത്തിച്ചാര്‍ജ് നടത്തിയതായും റിപോര്‍ട്ടുണ്ട്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

രണ്ടുപോലിസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. സീലാംപൂര്‍നിന്ന് ജഫറാബാദിലേക്കുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. സുരക്ഷയെ കരുതി ഏഴ് മെട്രോ സ്റ്റേഷനുകള്‍ അടച്ചു. പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് സമരക്കാരെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. റോഡുകള്‍ മുഴുവന്‍ കല്ലുകള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജനസാന്ദ്രതയുള്ള കോളനിയാണ് സീലാംപൂര്‍. സീലാംപൂരില്‍ രണ്ടായിരത്തോളം പേരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച പ്രതിഷേധം പിന്നീട് അക്രമാസക്തമാവുകയായിരുന്നു. ഡ്രോണ്‍ സംവിധാനമുപയോഗിച്ച് പോലിസ് സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതനുസരിച്ച് പ്രതിഷേധക്കാര്‍ ഉച്ചയ്ക്ക് ഒരുമണിയോടെ ജഫറാബാദിലെത്തുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. ആദ്യഅരമണിക്കൂര്‍ സമാധാനപരമായി പ്രതിഷേധപ്രകടനം നടത്തിയ ഇവര്‍ പിന്നീട് അക്രമാസക്തരാവുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. 

Tags:    

Similar News