അനന്തപുരി ഹിന്ദുമഹാസമ്മേളനം കേരളത്തിന് നല്‍കുന്ന സന്ദേശമെന്ത്; ജാഗ്രതാ സംഗമം നാളെ തിരുവനന്തപുരത്ത്

ഹിന്ദുമഹാസമ്മേളനം കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിന് ഏല്‍പ്പിച്ച ആഘാതം തുറന്നു കാട്ടുന്നതിനാണ് എസ്ഡിപി ഐ ജാഗ്രതാ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്

Update: 2022-07-16 12:59 GMT

തിരുവനന്തപുരം: 'അനന്തപുരി ഹിന്ദുമഹാസമ്മേളനം കേരളത്തിന് നല്‍കുന്ന സന്ദേശമെന്ത്' എന്ന പ്രമേയത്തില്‍ ഞായറാഴ്ച വൈകീട്ട് 4.30ന് തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ ജാഗ്രതാ സംഗമം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്. ഹരിദ്വാറിലും ഡല്‍ഹിയിലും നടന്ന ധര്‍മ സന്‍സദിനെ പോലും വെല്ലുന്ന തരത്തിലുള്ള വിദ്വേഷ പ്രഭാഷണങ്ങളാണ് അഞ്ച് ദിവസം നീണ്ട അനന്തപുരി സമ്മേളനത്തില്‍ നടന്നത്.

വ്യത്യസ്ത സാമൂഹിക വിഭാഗങ്ങള്‍ ഒത്തൊരുമയോടെ കഴിയുന്നതിനാല്‍ സംഘപരിവാരത്തിന്റെ വിദ്വേഷ രാഷ്ട്രീയത്തിന് കേരളത്തില്‍ വേണ്ടത്ര വേരോട്ടമുണ്ടാക്കാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആകെയുണ്ടായിരുന്ന ഒരു സീറ്റും കൂടി നഷ്ടമാവുകയായിരുന്നു. ഈ തിരിച്ചറിവാണ് സമൂഹത്തില്‍ പരമത വിദ്വേഷവും വെറുപ്പും പ്രചരിപ്പിച്ച് വര്‍ഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിലേക്ക് സംഘപരിവാരത്തെ നയിച്ചിരിക്കുന്നത്. 16 ലധികം സെഷനുകളിലായി നടന്ന പരിപാടിയിലുടനീളം സമൂഹത്തില്‍ വിഭാഗീയതയും വെറുപ്പും പകയും സൃഷ്ടിക്കുന്ന തരത്തിലുള്ള വിഷയങ്ങളായിരുന്നു ചര്‍ച്ച ചെയ്തിരുന്നത്. പി സി ജോര്‍ജും ദുര്‍ഗാദാസും വടയാര്‍ സുനിലും കൃഷ്ണരാജും ടി ജി മോഹന്‍ ദാസും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പ്രഭാഷണങ്ങള്‍ അത്യന്തം വിഷലിപ്തമായിരുന്നു. എന്നാല്‍ പി സി ജോര്‍ജിനെതിരേ മാത്രം കേസെടുത്ത് സംഘപരിവാര നേതാക്കളെ രക്ഷിക്കുകയായിരുന്നു ഇടതു സര്‍ക്കാരും പോലിസും. വിദ്വേഷ പ്രഭാഷണങ്ങള്‍ക്ക് വേദിയൊരുക്കിയ സംഘാടകര്‍ക്കെതിരേ കേസെടുക്കാത്തത് സര്‍ക്കാരിന്റെ ആര്‍എസ്എസ് ദാസ്യത്തിന്റെ പ്രകടമായ ഉദാഹരണമാണ്. ആര്‍എസ്എസ് നിയന്ത്രിത കേന്ദ്ര ഭരണത്തില്‍ രാജ്യത്ത് നടക്കുന്ന വര്‍ഗീയ ധ്രുവീകരണത്തിനും വംശീയ ഉന്മൂലന ശ്രമങ്ങള്‍ക്കും ആക്കം കൂട്ടുന്നതിനായി സംഘടിപ്പിച്ച പരിപാടിയോട് സര്‍ക്കാര്‍ സ്വീകരിച്ച പ്രീണന സമീപനവും സമ്മേളനം കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിന് ഏല്‍പ്പിച്ച ആഘാതവും തുറന്നു കാട്ടുന്നതിനാണ് ജാഗ്രതാ സംഗമം സംഘടിപ്പിച്ചിരിക്കുന്നതെന്നും ഷബീര്‍ ആസാദ് വ്യക്തമാക്കി.

ജാഗ്രതാ സംഗമത്തില്‍ ജെ രഘു, ജെ സുധാകരന്‍ ഐഎഎസ് (റിട്ട.), ഫാ. യാബിസ് പീറ്റര്‍, ജി ഗോമതി, മാഗ്ലിന്‍ ഫിലോമിന, സബര്‍മതി ജയശങ്കര്‍, സലീന പ്രക്കാനം, കാസിം പരുത്തിക്കുഴി, തുളസീധരന്‍ പള്ളിക്കല്‍, എ കെ സലാഹുദ്ദീന്‍, സിയാദ് കണ്ടല തുടങ്ങി എഴുത്തുകാരും ചിന്തകരും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംസാരിക്കും. 

Tags:    

Similar News