' വിഭജനകാലത്ത് പോലും പൂര്‍വ്വികര്‍ ഇന്ത്യ വിട്ടില്ല; ഞങ്ങള്‍ ഇന്ത്യക്കാര്‍ക്കൊപ്പം തന്നെ': കര്‍ഷക പ്രക്ഷോഭത്തില്‍ ഭക്ഷണ വിതരണവുമായി കത്‌വ കേസിലെ അഭിഭാഷകന്‍
' എല്ലാവര്‍ക്കും ഭക്ഷണം കൊടുക്കുന്ന കൃഷിക്കാരനെ പോറ്റുന്നതിനേക്കാള്‍ വലിയൊരു സേവനം ദൈവത്തിന് മുന്നില്‍ മറ്റെന്താണ്?' ഫാറൂഖി ചോദിക്കുന്നു.
ന്യൂഡല്‍ഹി: കശ്മീരിലെ കത്‌വയില്‍ പിഞ്ചുബാലികയെ ദിവസങ്ങളോളം പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുന്നതിനു വേണ്ടി വാദിച്ച അഭിഭാഷകന്‍ കര്‍ഷക സമരത്തിലും സഹായവുമായി എത്തി. പഞ്ചാബിലെ മലെര്‍കോട്ട്‌ലയില്‍ നിന്നുള്ളഅഡ്വ. മുബീന്‍ ഫാറൂഖി ആണ് സമരം ചെയ്യുന്ന സിഖ് സഹോദരങ്ങള്‍ക്ക് ഭക്ഷണ വിതരണവുമായി ഡല്‍ഹിയിലെത്തിയത്. കഴിഞ്ഞ 13 ദിവസമായി അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം കര്‍ഷകര്‍ക്ക് സാമൂഹിക അടുക്കള സ്ഥാപിച്ച് ഭക്ഷണമുണ്ടാക്കി നല്‍കുന്നുണ്ട്.
'തികഞ്ഞ അനീതി നേരിടുന്നവരുടെ ഭാരം ലഘൂകരിക്കാന്‍ ഞങ്ങളുടെ സംഘം ഇവിടെയെത്തി. എല്ലാവര്‍ക്കും ഭക്ഷണം കൊടുക്കുന്ന കൃഷിക്കാരനെ പോറ്റുന്നതിനേക്കാള്‍ വലിയൊരു സേവനം ദൈവത്തിന് മുന്നില്‍ മറ്റെന്താണ്?' ഫാറൂഖി ചോദിക്കുന്നു. 1947ല്‍ വിഭജനത്തിന്റെ കാലത്ത് പഞ്ചാബിലെ മുസ്‌ലിംകളില്‍ അധികവും പാകിസ്താനിലേക്ക് കുടിയേറിയപ്പോള്‍ നാടുവിടാതെ സിഖ് സഹോദരങ്ങള്‍ക്കൊപ്പം തന്നെ ജീവിക്കാന്‍ തിരുമാനിച്ചവരാണ് ഫാറൂഖിയുടെ പൂര്‍വ്വികര്‍. 'രാജ്യത്ത് സിഖുകാരും മുസ്‌ലിംകളെ പോലെ മതപരമായ വിവേചനം നേരിടുന്നു. നമ്മള്‍ തലമുറകളായി ഒന്നിച്ചു നില്‍ക്കുന്നവരാണ്. ഇനിയും അത് തുടരുക തന്നെ ചെയ്യും.' മുബീന്‍ ഫാറൂഖി പറഞ്ഞു. കര്‍ഷക സമരത്തില്‍ സന്നദ്ധസേവനം ചെയ്യാനായി 50 പേരാണ് മുബീന്‍ ഫാറൂഖിയുടെ കൂടെ എത്തിയത്.
' കത്‌വ കേസില്‍ ഇരയുടെ കുടുംബം ആഗ്രഹിച്ച തരത്തിലുള്ള നീതി നടപ്പിലായില്ല. കേന്ദ്രം കര്‍ഷകരോട് ചെയ്യുന്നതും അതുപോലെയാണ്. അവര്‍ അര്‍ഹിക്കുന്നത് നല്‍കുന്നില്ല.കത്‌വ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയ്ക്കായി പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെ സമീപിക്കും. ആ യുദ്ധം തുടരും. അതേപോലെ, ഞങ്ങള്‍ കര്‍ഷകരോടൊപ്പം നില്‍ക്കാനാണ് വന്നത്. അവരൊടൊപ്പവും ഞങ്ങളുണ്ടാകും. ' അഡ്വ. മുബീന്‍ ഫാറൂഖി കൂട്ടിച്ചേര്‍ത്തു.