ആന്ധ്രാപ്രദേശില്‍ 'പ്രസിഡന്റ് മെഡല്‍' മദ്യം: പ്രതിഷേധവുമായി പ്രതിപക്ഷം
'പ്രസിഡന്റ് മെഡല്‍' എന്ന് എങ്ങനെ ഒരു മദ്യത്തെ വിളിക്കാമെന്ന് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ചോദിച്ചു.
അമരാവതി: ആന്ധ്രാ പ്രദേശില്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മദ്യ ബ്രാന്‍ഡിന് പ്രസിഡന്റ് മെഡല്‍ എന്ന് പേര് നല്‍കതിനെതിരേ പ്രതിഷേധം. 'പ്രസിഡന്റ് മെഡല്‍' എന്ന പേരില്‍ വിസ്‌കി ഇറക്കിയതാണ് പ്രതിഷേധത്തിനു കാരണമായത്. വിഷയത്തില്‍ പ്രതിഷേധവുമായി തെലുങ്കുദേശം പാര്‍ട്ടി രംഗത്തുവന്നു. വിലകുറഞ്ഞ മദ്യത്തിന് രാഷ്ട്രപതിയുടെ മെഡല്‍ എന്ന പേര് നല്‍കിയതാണ് മുഖ്യ പ്രതിപക്ഷമായ തെലുങ്കുദേശം പാര്‍ട്ടിയെ ചൊടിപ്പിച്ചത്. 'പ്രസിഡന്റ് മെഡല്‍' എന്ന് എങ്ങനെ ഒരു മദ്യത്തെ വിളിക്കാമെന്ന് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ചോദിച്ചു.
സംസ്ഥാനത്ത് മദ്യവില കൂട്ടിയതിനു ശേഷം സര്‍ക്കാര്‍ മദ്യശാലകളില്‍ പുതിയ ബ്രാന്‍ഡുകളിലുള്ള മദ്യം വില്‍പനയ്‌ക്കെത്തിച്ചിരുന്നു. ബൂം ബൂം, ഓള്‍ഡ് അഡ്മിറല്‍, പ്രസിഡന്റ് സ്വര്‍ണ്ണ മെഡല്‍, റോയല്‍ ഗ്രീന്‍, മാരിഫിക് എക്‌സോ തുടങ്ങിയ പേരുകളാണ് മദ്യത്തിനു നല്‍കിയത്. ഇതില്‍ 'പ്രസിഡന്റ് മെഡല്‍' എന്ന പേരാണ് വിവാദത്തിനിടയാക്കിയത്.