ആന്ധ്രപ്രദേശിന് പ്രത്യേക പദവി ഡല്‍ഹിയില്‍ ചന്ദ്രബാബു നായിഡുവിന്റെ നിരാഹാര സമരം; പിന്തുണയുമായി ശിവസേന
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരുള്‍പ്പെടെ സമരപന്തലിലെത്തിയതിന് പിന്നാലെയാണ് ശിവസേനാന നേതാവ് സഞ്ജയ് റാവത്തിന്റെ അപ്രതീക്ഷിത സന്ദര്‍ശനം.
ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിരാഹാര സമരം. സമരത്തിന് പിന്തുണയുമായി ശിവസേന നേതാവും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരുള്‍പ്പെടെ സമരപന്തലിലെത്തിയതിന് പിന്നാലെയാണ് ശിവസേനാന നേതാവ് സഞ്ജയ് റാവത്തിന്റെ അപ്രതീക്ഷിത സന്ദര്‍ശനം.
മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യത്തിലെത്താന്‍ ബിജെപി കിണഞ്ഞ് ശ്രമിക്കുന്നതിനിടെയാണ് ശിവസേനാ നേതാവിന്റെ സന്ദര്‍ശനം.ഡല്‍ഹിയിലെ ആന്ധ്രാഭവനിലാണ് ചന്ദ്രബാബു നായിഡുവിന്റെ നിരാഹാരസമരം നടക്കുന്നത്. രാവിലെ എട്ടിന് തുടങ്ങിയ സത്യാഗ്രഹത്തില്‍ സംസ്ഥാനത്തെ മന്ത്രിമാര്‍, എം.എല്‍.എമാര്‍, ടി.ഡി.പി എം.പിമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. സംസ്ഥാനത്തോട് തുടരുന്ന കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷം ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയില്‍ നിന്ന് നായിഡുവിന്റെ ടി.ഡി.പി ബന്ധം ഉപേക്ഷിച്ചിരുന്നു. ഇതിനു ശേഷം നടത്തുന്ന ആദ്യത്തെ പ്രത്യക്ഷ സമരമാണിത്.
ആന്ധ്ര പ്രദേശിനോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നത് കടുത്ത അനീതിയെന്ന് ചന്ദ്രബാബു നായിഡു ആരോപിച്ചു. പ്രധാനമന്ത്രി മോദി വ്യക്തിഹത്യ നിര്‍ത്തി ആന്ധ്രക്ക് വേണ്ടത് ചെയ്യൂവെന്നും നായിഡു ആവശ്യപ്പെട്ടു.