തിരക്കിന് കുറവില്ല; ആന്ധ്രയില്‍ മദ്യത്തിന് വീണ്ടും നികുതി കൂട്ടി
ലോക്ക് ഡൗണിനെത്തുടര്‍ന്ന് സംസ്ഥാനത്ത് പൂട്ടിക്കിടന്ന മദ്യശാലകള്‍ തുറക്കാന്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
അമരാവതി: ഡല്‍ഹി സര്‍ക്കാരിനു പിന്നാലെ മദ്യത്തിന് വില വീണ്ടും വര്‍ധിപ്പിച്ച് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. മദ്യത്തിന് 75 ശതമാനം അധികനികുതി ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ലോക്ക് ഡൗണിനെത്തുടര്‍ന്ന് സംസ്ഥാനത്ത് പൂട്ടിക്കിടന്ന മദ്യശാലകള്‍ തുറക്കാന്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. 25 ശതമാനം അധികനികുതി ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിനുശേഷവും മദ്യശാലകളിലെ തിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് 50 ശതമാനംകൂടി നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതോടെ മദ്യത്തിന്റെ നികുതിയില്‍ 75 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്.
മദ്യപാനനിരക്കില്‍ അസാധാരണമായ വര്‍ധനവാണുണ്ടായിരിക്കുന്നത്. മദ്യാസക്തിയില്‍നിന്ന് ജനങ്ങളെ നിരുല്‍സാഹപ്പെടുത്തുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനുമായാണ് പുതിയ തീരുമാനം കൈക്കൊണ്ടതെന്ന് സ്‌പെഷ്യല്‍ ചീഫ് സെക്രട്ടറി (റവന്യൂ) രജത് ഭാര്‍ഗവ അറിയിച്ചു. വര്‍ധിപ്പിച്ച നിരക്കുകള്‍ ഉടനടി പ്രാബല്യത്തില്‍ വരും. രാവിലെ 11ന് പകരം ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 7 വരെ മദ്യവില്‍പ്പന ശാലകള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പുതിയ നിരക്കുകളില്‍ (50 ശതമാനം) പ്രതിവര്‍ഷം 9,000 കോടി രൂപയുടെ അധികവരുമാനം നേടാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.