പെരിന്തല്‍മണ്ണ: വള്ളുവനാടിന്റെ മഹാപൂരം ഇന്ന് കൊടിയിറങ്ങും. പതിനൊന്നു ദിനരാത്രങ്ങള്‍ വള്ളുവനാടിന് പൂരോത്സവ കാഴ്ചകളുടെ അനുഭൂതി പകര്‍ന്ന അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ഇന്നു സമാപിക്കും. ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ ക്ഷേത്ര നഗരിയില്‍ പൂരത്തിന്റെ ഭാഗമാകാനെത്തിയത്. നാളെ പുലര്‍ച്ചെ നടക്കുന്ന തെക്കോട്ടിറക്കത്തോടെയാണ് സമാപനം.
പൂരപ്പറമ്പില്‍ മലയ രാജാവ് മലയന്‍കുട്ടിയും വള്ളുവനാട് രാജപ്രതിനിധിയും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ച ചരിത്രവും ഐതീഹ്യവും ഇഴ ചേര്‍ന്നതാണ്. ഇന്ന് രാവിലെ ഒമ്പതിന് പഞ്ചവാദ്യത്തോടെ ഉള്ള കാഴ്ചശീവേലി നടക്കും. ഇന്ന് രാത്രി മാത്രമാണ് ഭഗവതിയുടെ ആറാട്ട് എഴുന്നള്ളിപ്പ്.
പതിനൊന്നാം പൂരത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് ഭജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഉള്ള അനുബന്ധ പൂരം എഴുന്നള്ളിപ്പ് നടക്കും. മുതുവറ തളി തിരുമാന്ധാംകുന്ന് ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് നടക്കുന്ന അനുബന്ധ എഴുന്നള്ളിപ്പ് തിരുമാന്ധാംകുന്ന് പൂരത്തിലെ വര്‍ണ്ണാഭമായ കാഴ്ചകളിലൊന്നാണ്. വൈകിട്ട് 4 30ന് ഗജവീരന്റെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെയാണ് എഴുന്നള്ളത്ത്. വിവിധ കലാരൂപങ്ങളും അണിനിരക്കും. മുതുവറ ക്ഷേത്രത്തില്‍ നിന്ന് തുടങ്ങി തളി ക്ഷേത്രസന്നിധിയിലെത്തി തിരിച്ച് തിരുമാന്ധാംകുന്ന് തെക്കേനട വരെയാണ് എഴുന്നള്ളിപ്പ് നടക്കുക.