നീതു ജോണ്‍സനെ കാത്ത് അനില്‍ അക്കരെ എംഎല്‍എ റോഡിരികിലിരുന്നു: ഇനി പോലിസില്‍ പരാതി നല്‍കും
വിദ്യാര്‍ഥിനിയുടെ പേരിലുള്ള കത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇടതു കേന്ദ്രങ്ങള്‍ ഇത് അനില്‍ അക്കരെക്ക് എതിരെയുള്ള പ്രചരണോപാധിയാക്കി മാറ്റിയിരുന്നു.
തൃശൂര്‍ : വീടില്ലെന്നും രാഷ്ട്രീയം കളിച്ച് ലൈഫ് മിഷനില്‍ ലഭിക്കുന്ന വീട് ഇല്ലാതാക്കരുതെന്നും തുറന്ന കത്തെഴുതിയ നീതു ജോണ്‍സനെ 'കാണാനുള്ള' അനില്‍ അക്കര എംഎല്‍എയുടെ ശ്രമം വിജയിച്ചില്ല. ഇന്നു രാവിലെ 9 മണി മുതല്‍ 11 വരെ എങ്കക്കാട് മങ്കര റോഡില്‍ കൗണ്‍സിലര്‍ സൈറാബാനുവിനൊപ്പം മൂന്നു മണിക്കൂറോളം നീതു ജോണ്‍സനെ അനില്‍ അക്കരെ എംഎല്‍എ കാത്തിരുന്നു. രമ്യാ ഹരിദാസ് എംപിയും നീതു ജോണ്‍സനെ കാണാനെത്തിയിരുന്നു. സമയം കഴിഞ്ഞിട്ടും ആരുമെത്തിയില്ല.
വിദ്യാര്‍ഥിനിയുടെ പേരിലുള്ള കത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇടതു കേന്ദ്രങ്ങള്‍ ഇത് അനില്‍ അക്കരെക്ക് എതിരെയുള്ള പ്രചരണോപാധിയാക്കി മാറ്റിയിരുന്നു. അതോടെയാണ് കുട്ടിയെ നേരിട്ടു കാണാന്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച ശേഷം എംഎല്‍എ കാത്തിരുന്നത്. ലൈഫ് മിഷന്‍ ഫ്‌ളാറ്റ് വിവാദമായപ്പോള്‍ സിപിഎം സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന കള്ളപ്രചരണമാണ് നീതു ജോണ്‍സന്റെ പേരില്‍ പ്രചരിക്കുന്നതെന്ന് അനില്‍ അക്കരെ എംഎല്‍എ പറഞ്ഞു. കുട്ടിയെ കണ്ടെത്താനായി പൊലീസില്‍ പരാതി നല്‍കുമെന്നും സാധിച്ചില്ലെങ്കില്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ആഗസ്റ്റ് 23 ലാണ് നീതു ജോണ്‍സന്റെ പേരിലുള്ള കത്ത് ആദ്യം പ്രചരിച്ചത്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ദിവസം കത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടു.