രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്: വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ വിധിച്ചതിനെതിരേ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഒന്ന് മുതല്‍ നാല് വരെയുള്ള പ്രതികളാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. അപ്പീലിന്‍മേല്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഹരജി മാര്‍ച്ച് 13ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. മാവേലിക്കര അഡീഷനല്‍ സെഷന്‍സ് കോടതിയാണ് 15 പേര്‍ക്ക് വധശിക്ഷ വിധിച്ചത്. അതേസമയം, വധശിക്ഷ ശരിവയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നടപടി തുടങ്ങി. 15 പേര്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. 2021 ഡിസംബര്‍ 19നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയത്.