വെറ്റിലയും ചുണ്ണാമ്പും നല്‍കിയാല്‍ ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന ധാരണയാണ് ബിജെപിക്കുള്ളത് : ആനി രാജ

Update: 2024-04-25 06:12 GMT

കല്‍പറ്റ: തിരഞ്ഞെടുപ്പ് തലേന്ന് വയനാട്ടില്‍ ആദിവാസി കോളനികളില്‍ ബിജെപി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നത് കോളനികളിലുള്ള മനുഷ്യരെ വില കുറച്ച് കാണുന്നതിന് തെളിവാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജ. വെറ്റിലയും ചുണ്ണാമ്പും നല്‍കിയാല്‍ ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന ധാരണയാണ് ബിജെപിക്കുള്ളത്. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമീഷന്‍ ശക്തമായ നടപടിയെടുക്കണമെന്നും ആനിരാജ ആവശ്യപ്പെട്ടു.

വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നതായാണ് ആരോപണം. വിതരണത്തിന് തയാറാക്കിയ ആയിരത്തിയഞ്ഞൂറോളം കിറ്റുകള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ഇന്നലെ പിടികൂടി. മാനന്തവാടി അഞ്ചാം മൈലിലെയും കല്‍പ്പറ്റ മേപ്പാടി റോഡിലെയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് സമാനമായ രീതിയില്‍ കിറ്റുകള്‍ വിതരണത്തിന് കൊണ്ടുപോയതായും ആരോപണമുണ്ട്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് സുല്‍ത്താന്‍ ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നില്‍ ലോറിയില്‍ കയറ്റിയ നിലയില്‍ ആവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ കണ്ടെത്തിയത്. പഞ്ചസാര, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പ്, സോപ്പ് പൊടി, ബിസ്‌ക്കറ്റ്, റസ്‌ക് തുടങ്ങിയവയായിരുന്നു കിറ്റിലുണ്ടായിരുന്നത്. ചില കിറ്റുകളില്‍ വെറ്റില, അടക്ക, പുകയില എന്നിവയും കണ്ടെത്തി. വയനാട്ടിലെ ആദിവാസി കോളനികളില്‍ വിതരണം ചെയ്യാനാണ് കിറ്റുകള്‍ തയാറാക്കിയതെന്നും ബിജെപി പ്രാദേശിക നേതാക്കളാണ് കിറ്റുകള്‍ക്കായി ഓര്‍ഡര്‍ നല്‍കിയതെന്നുമാണ് ആരോപണം. മാനന്തവാടി അഞ്ചാം മൈലിലും കല്‍പ്പറ്റ മേപ്പാടി റോഡിലും പരാതിയെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

Tags:    

Similar News