കൊല്‍ക്കൊത്ത: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. കഴിഞ്ഞ ആഴ്ച മമതയുമായി പൊതുവേദി പങ്കിട്ട എംഎല്‍എ അരിന്ദം ഭട്ടാചാര്യയാണ് അവസാനമായി ബിജെപിയിലേക്ക് ചേക്കേറിയത്. നാദിയ ജില്ലയില്‍ ശാന്തിപൂരില്‍ നിന്നുള്ള എംഎല്‍എയാണ് അരിന്ദം ഭട്ടാചാര്യ.
2016ല്‍ ശാന്തിപൂര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റിലാണ് ഭട്ടാചാര്യ ആദ്യമായി നിയമസഭയിലെത്തുന്നത്. 2017ല്‍ തൃണമൂലില്‍ ചേര്‍ന്നു. ഭട്ടാചാര്യ നിയമസഭാ അംഗത്വം രാജിവച്ചിട്ടില്ല. രാജിവയ്ക്കുമ്പോള്‍ നാദിയ ജില്ലയിലെ തൃണമൂല്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റാണ്.
ശാന്തിപൂരില്‍ നിന്ന് അടുത്ത തിരഞ്ഞെടുപ്പില്‍ മറ്റൊരാളെ മല്‍സരിക്കുന്നുണ്ടെന്ന് അറിഞ്ഞതിനെത്തുടര്‍ന്നാണ് ഭട്ടാചാര്യ പാര്‍ട്ടിവിട്ടതെന്നാണ് വിവരം. വേണ്ടവര്‍ക്കെല്ലാം ബിജെപിയിലേക്ക് ചേക്കേറാമെന്ന് കഴിഞ്ഞ ദിവസം മമതാ ബാനര്‍ജി പറഞ്ഞിരുന്നു.
ഡല്‍ഹിയില്‍ വച്ചാണ് ഭട്ടാചാര്യ ബിജെപി അംഗത്വം സ്വീകരിച്ചത്. അതേസമയം ഭട്ടാചാര്യയുടെ വരവ് ബിജെപി പ്രാദേശിക ഘടകത്തില്‍ പൊട്ടിത്തെറിയുണ്ടാക്കിയിട്ടുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം 40ഓളം നേതാക്കളാണ് തൃണമൂലില്‍ നിന്ന് ബിജെപിയില്‍ ചേക്കേറുന്നത്.