കര്‍ഷകദ്രോഹ നിയമം; പാര്‍ലമെന്റിലേക്ക് ട്രാക്ടറോടിച്ച് രാഹുല്‍ ഗാന്ധി
പെട്ടന്ന് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആദ്യം അമ്പരന്നെങ്കിലും പിന്നീട് അദ്ദേഹത്തിന് കനത്ത സുരക്ഷയൊരുക്കി.
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി പാര്‍ലമെന്റിലേക്ക് ട്രാക്ടറോടിച്ച് രാഹുല്‍ ഗാന്ധി. ഒരു മുന്നറിയിപ്പുമില്ലാതെ തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു രാഹുലിന്റെ ട്രാക്ടര്‍ സമരം. രാവിലെ പാര്‍ലമെന്റിലേക്ക് എത്താന്‍ പുറപ്പെട്ട രാഹുല്‍ ഗാന്ധി തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് എഐസിസി ആസ്ഥാനത്ത് നിന്ന് ട്രാക്ടറിലേക്ക് കയറി അതോടിച്ച് ഡല്‍ഹി നഗരത്തിലൂടെ പാര്‍ലമെന്റിന് സമീപത്ത് എത്തിയത്.
പെട്ടന്ന് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആദ്യം അമ്പരന്നെങ്കിലും പിന്നീട് അദ്ദേഹത്തിന് കനത്ത സുരക്ഷയൊരുക്കി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വളരെക്കുറച്ച് പ്രവര്‍ത്തകര്‍ മാത്രമാണ് രാഹുലിനൊപ്പം ആദ്യമുണ്ടായിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഇത്തരമൊരു നീക്കത്തെക്കുറിച്ച് യാതൊരു സൂചനയുമുണ്ടായിരുന്നില്ല.
കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ടിയല്ല, പകരം ബിസിനസ്സുകാര്‍ക്ക് വേണ്ടിയും അതിധനികര്‍ക്ക് വേണ്ടിയുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. ഇതിനെതിരായി നടത്തുന്ന പ്രതിഷേധമാണിതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.