സര്‍ക്കാര്‍ വിരുദ്ധപ്രതിഷേധം ശക്തിപ്പെടുന്നു; ശ്രീലങ്കയില്‍ ജനങ്ങള്‍ പൊതുഇടങ്ങളില്‍ പ്രവേശിക്കുന്നത് നിരോധിച്ചു
കൊളൊമ്പോ: ഇന്ന് രാജ്യത്ത് വന്‍ പ്രതിഷേധങ്ങള്‍ രൂപം കൊള്ളാനിടയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ പൊതുഇടങ്ങളില്‍ പ്രവേശിക്കുന്നത് ശ്രീലങ്കന്‍ സര്‍ക്കാര്‍ നിരോധിച്ചു. പ്രസിഡന്റ് ഗോഡബയ രാജപക്‌സയാണ് അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഉത്തരവിട്ടത്.
പുതിയ വിജ്ഞാപനപ്രകാരം ഏപ്രില്‍ 2 വൈകീട്ട് ആറ് മണി മുതല്‍ ഏപ്രില്‍ 4 രാവിലെ 6 മണി വരെ പാര്‍ക്കുകള്‍, റോഡുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, മൈതാനങ്ങള്‍, കടല്‍ത്തീരങ്ങള്‍ തുടങ്ങി ഒരിടത്തും ആര്‍ക്കും പ്രവേശനമില്ല.
ക്രമസമാധാനപാലനത്തിന്റെ ഭാഗമാണ് നടപടിയെന്ന് പ്രസിഡന്റിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
പബ്ലിക് സെക്യൂരിറ്റി ഓര്‍ഡിനന്‍സിന്റെ (ചാപ്റ്റര്‍ 40) 16ാം വകുപ്പ് പ്രകാരമാണ് നടപടി.
പൊതുജനങ്ങളെ പൂര്‍ണമായും വീടുകളില്‍ അടച്ചിടാനാണ് സര്‍ക്കാര്‍ ശ്രമം. രാജ്യത്ത് നേരത്തെത്തന്നെ 36 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചുരുന്നു. അതിനു പുറമെയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
ഫേസ്ബുക്ക്, വാട്‌സ്ആപ്, യുട്യൂബ്, സ്‌നാപ്ചാറ്റ്, ടിക്ടോക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നില്ല.
ഇന്ന് അറബ് വസന്തമാതൃകയില്‍ ജനമുന്നേറ്റത്തിന് സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. അത് ഒഴിവാക്കാനാണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.