ജന്ദര്‍മന്ദറിലെ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം; പാര്‍ലമെന്റില്‍ ഉന്നയിച്ചതോടെ കേസെടുത്തു
ന്യൂഡല്‍ഹി: ജന്ദര്‍മന്ദറില്‍ ഹിന്ദുത്വര്‍ സംഘചിപ്പിച്ച മാര്‍ച്ചില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച സംഭവത്തില്‍ ഒടുവില്‍ പോലിസ് കേസെടുത്തു. സുപ്രീംകോടതി അഭിഭാഷകനും ഡല്‍ഹി ബിജെപി മുന്‍ വക്താവുമായ അശ്വനി ഉപാധ്യായയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. എഐഎംഐഎം എംപി അസദുദ്ദീന്‍ ഉവൈസി പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ചതിനു ശേഷമാണ് പോലിസ് കെസെടുത്തത്.
ഞായറാഴ്ചയാണ് ഡല്‍ഹിയുടെ ഹൃദയഭാഗമായ ജന്ദര്‍മന്ദറില്‍ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് കുപ്രസിദ്ധനായ പുരോഹിതനായ നരസിംഹാനന്ദ് സരസ്വതിയുടെ നേതൃത്വത്തില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചത്. ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ജയ് ശ്രീ റാം എന്ന് പറയണം തുടങ്ങിയവയായിരുന്നു മുദ്രാവാക്യങ്ങള്‍. ഇതിന്റെ വീഡിയോ പ്രചരിച്ചിരുന്നു.
മുസ്‌ലിംകള്‍ക്കെതിരെ 'വംശഹത്യ മുദ്രാവാക്യങ്ങള്‍' ഉയര്‍ന്നുവെന്നും പങ്കെടുക്കുന്നവര്‍ക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും ഉവൈസി ലോക്‌സഭയില്‍ പറഞ്ഞിരുന്നു. 'എല്ലാത്തിനുമുപരി, ഈ ഗുണ്ടകളുടെ ധൈര്യത്തിന്റെ രഹസ്യം എന്താണ്? മോദി സര്‍ക്കാര്‍ തങ്ങളോടൊപ്പം നില്‍ക്കുന്നുവെന്ന് അവര്‍ക്കറിയാം. ജൂലൈ 24 ന് ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍എസ്എ) കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി പോലീസിന് ആരെയും തടവിലാക്കാനുള്ള അവകാശം നല്‍കിയിരുന്നു. എന്നിട്ടും ഡല്‍ഹി പോലീസ് നിശബ്ദമായി ഈ കാഴ്ച കാണുകയാണ്,' ഉവൈസി ആരോപിച്ചു.
സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും വീഡിയോയിലുള്ളവരെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണെന്നും ഡല്‍ഹി പോലിസ് അറിയിച്ചു.