ജന്തര്‍ മന്ദിറിലെ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം; ബിജെപി നേതാവ് അശ്വനി ഉപാധ്യായക്ക് ജാമ്യം

Update: 2021-08-11 13:42 GMT

ന്യൂഡല്‍ഹി: ജന്തര്‍ മന്ദിറില്‍ പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ ബിജെപി നേതാവ് അശ്വനി ഉപാധ്യായക്ക് ജാമ്യം അനുവദിച്ചു. ഡല്‍ഹിയിലെ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വിദ്വേഷമുദ്രാവാക്യം മുഴക്കിയ സമ്മേളനത്തില്‍ ഉപാധ്യായ പ്രാസംഗികനായിരുന്നത് ചൂണ്ടിക്കാട്ടി ഡല്‍ഹി പോലിസ് ജാമ്യാപേക്ഷയെ എതിര്‍ത്തെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. അശ്വിനി ഉപാധ്യായ അടക്കം ആറ് പേരെയാണ് സംഭവത്തില്‍ പോലിസ് അറസ്റ്റ് ചെയ്തത്.

സുപ്രിംകോടതി അഭിഭാഷകനും ഡല്‍ഹിയിലെ മുന്‍ ബിജെപി വക്താവുമായ അശ്വനിയുടെ നേതൃത്വത്തിലായിരുന്നു ജന്തര്‍ മന്ദിറില്‍ പരിപാടി സംഘടിപ്പിച്ചത്.

ഉപാധ്യായയെ കൂടാതെ പരിപാടിയില്‍ പങ്കെടുത്ത ഹിന്ദു സേന പ്രസിഡന്റ് ദീപക് സിങ് ഹിന്ദു, വിനീത് ക്രാന്തി, പ്രീത് സിങ്, സുദര്‍ശന്‍ വാഹിനിയുടെ തലവനായ വിനോദ് ശര്‍മ, ജെസിപി (ന്യൂഡല്‍ഹി റേഞ്ച്) ജസ്പാല്‍ സിങ് എന്നിവരെ ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിനും ഇവര്‍ക്കെതിരേ കേസെടുത്തിരുന്നു. രണ്ട് ദിവസത്തേക്കാണ് ഉപാധ്യായയെ റിമാന്‍ഡ് ചെയ്തത്.

മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിങ്ങാണ് ഉപാധ്യയക്ക് വേണ്ടി ഹാജരായത്. സംഭവം നടക്കുമ്പോള്‍ പ്രതി ഗാസിയാബാദിലായിരുന്നെന്ന് അഭിഭാഷകന്‍ വാദിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും സംഭവം നടന്നിട്ടുണ്ടെങ്കില്‍തന്നെ അതില്‍ ഉത്തരാവദിയാകുന്ന അവസാനത്തെ ആളായിരിക്കും തന്റെ കക്ഷിയെന്നും വികാസ് സിങ് വാദിച്ചു. ബിജെപി നേതാവിനുവേണ്ടി അഭിഭാഷകരുടെ ഒരു നിര തന്നെ ഹാജരായി. 

ഞായറാഴ്ച ജന്തര്‍ മന്ദിറില്‍ ഉപാധ്യായയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിക്കിടെ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. ഇതോടെ പോലിസ് അജ്ഞാതര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡല്‍ഹി പോലിസ് കമീഷണര്‍ രാകേഷ് അസ്താന നിര്‍ദേശിക്കുകയും ചെയ്തു.

ഭാരത് ജോഡോ ആന്ദോളനാണ് ജന്തര്‍ മന്ദിറില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പരിപാടിക്ക് പോലിസ് അനുമതിയുണ്ടായിരുന്നില്ല. വീഡിയോ പ്രചരിച്ചതുമായി ബന്ധപ്പെട്ട് ഉപാധ്യായ ഡല്‍ഹി പോലിസിന് പരാതി നല്‍കിയിരുന്നു. വീഡിയോയുമായി ബന്ധപ്പെട്ട് തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്നായിരുന്നു പരാതി. മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കിയത് ആരാണെന്ന് അറിയില്ലെന്നും ബ്രിട്ടീഷ് കാലഘട്ടത്തിലെ 22 നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്നായിരുന്നു ഉപാധ്യായയുടെ പ്രതികരണം.

Tags:    

Similar News