ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ല: ഹൈക്കോടതി
ആന എഴുന്നള്ളിപ്പ് തുടങ്ങിയ കാലത്തെ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊച്ചി: ആന എഴുന്നള്ളിപ്പ് ഹിന്ദുക്കളുടെ അനിവാര്യമായ മതാചാരമല്ലെന്നും ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ആനകള്‍ തമ്മില്‍ മൂന്നുമീറ്റര്‍ അകലം വേണമെന്ന് നിര്‍ദേശിച്ചതെന്നും ഹൈക്കോടതി. രാജഭരണമല്ല മറിച്ച് ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ള നിയമവാഴ്ചയാണ് ഇപ്പോഴുള്ളതെന്നും അതുകൊണ്ടു തന്നെ നിയമം പാലിച്ചു മാത്രമേ മുന്നോട്ടു പോകാനാവൂയെന്നും ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ദേവസ്വങ്ങള്‍ അനാവശ്യമായ പിടിവാശി ഉപേക്ഷിക്കണമെന്നും കോടതി അഭ്യര്‍ത്ഥിച്ചു.
എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലം വേണമെന്ന നിബന്ധന പാലിച്ചാല്‍ 15 ആനകളെ എഴുന്നള്ളിക്കുന്ന പതിവ് നടത്താനാവില്ലെന്നു തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രാധികൃതര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, ആനകളെ എഴുന്നള്ളിക്കുന്നത് അനിവാര്യമായ മതാചാരമല്ലെന്ന് കോടതി പറഞ്ഞു. ആന എഴുന്നള്ളിപ്പ് തുടങ്ങിയ കാലത്തെ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.