ത്രിപുരയില്‍ മുസ്‌ലിം വിരുദ്ധ അതിക്രമങ്ങള്‍ക്ക് അറുതിവരുത്തണം: എസ്‌ഐഒ
ത്രിപുരയിലുടനീളം ആര്‍എസ്എസ്, വിഎച്ച്പി, ബജ്‌രംഗ് ദള്‍ തുടങ്ങിയ ഹിന്ദുത്വ സംഘടനകള്‍ നിരവധി മുസ്‌ലിം പള്ളികളും വീടുകളും കടകളും നശിപ്പിച്ചു
കോഴിക്കോട്: ത്രിപുരയിലെ മുസ്്‌ലിം വിരുദ്ധ അതിക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ബംഗ്ലാദേശ് ആക്രമണങ്ങള്‍ക്കെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ ത്രിപുരയിലുടനീളം ആര്‍എസ്എസ്, വിഎച്ച്പി, ബജ്‌രംഗ് ദള്‍ തുടങ്ങിയ ഹിന്ദുത്വ സംഘടനകള്‍ നിരവധി മുസ്‌ലിം പള്ളികളും വീടുകളും കടകളും നശിപ്പിച്ചു. കാവി വസ്ത്രധാരികളായ വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ജാഗരണ്‍ മഞ്ച്, ബജ്‌രംഗ് ദള്‍, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടങ്ങുന്ന മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തുന്ന അക്രമാസക്തരായ ജനക്കൂട്ടത്തിന്റെ ഫോട്ടോകളും വീഡിയോകളും പുറത്ത് വന്നിരുന്നു.
ഉനകോട്ടി, വെസ്റ്റ് ത്രിപുര, സെപാഹിജാല, ഗോമാറ്റി ത്രിപുര ജില്ലകളില്‍ മുസ്‌ലിം വിരുദ്ധ അക്രമങ്ങള്‍ നടന്നിട്ടുണ്ട്. പള്ളികള്‍ നശിപ്പിക്കല്‍, കല്ലെറിയല്‍, വീടുകള്‍ കൊള്ളയടിക്കല്‍, കച്ചവടക്കാരെ ഒഴിപ്പിക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 'ത്രിപുരയിലെ മുസ്്‌ലിം വിരുദ്ധ നീക്കങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ത്രിപുരയിലെ സ്ഥിതി അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണ്. ബംഗ്ലാദേശിലെ ഹിന്ദു വിരുദ്ധ അക്രമത്തിനെതിരേ പ്രതിഷേധിച്ച ജനക്കൂട്ടം ത്രിപുരയിലെ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളിലേക്ക് തിരിയുന്നതായി കാണുന്നു.എസ്‌ഐഒ ദേശീയ പ്രസിഡന്റ് മുഹമ്മദ് സല്‍മാന്‍ അഹ്മദ് പറഞ്ഞു.
അസോസിയേഷന്‍ ഓഫ് പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സിന്റെയും (എപിസിആര്‍) പ്രതിനിധി സംഘം ഉനകോട്ടി ജില്ലയിലെ പോലിസ് സൂപ്രണ്ടിനും (എസ്പി) ജില്ലാ മജിസ് ട്രേറ്റിനും (ഡിഎം) ഒരു മെമ്മോറാണ്ടം സമര്‍പ്പിക്കുകയും ത്രിപുരയിലുടനീളം മുസ് ലിം സ്ഥാപനങ്ങള്‍ക്കെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. അക്രമികളെ അറസ്റ്റ് ചെയ്യാനും പ്രതിനിധി സംഘം ആവശ്യപ്പെട്ടു. കൈലഷഹാറിലും കുമാര്‍ഗത്തിലും രണ്ട് സമാധാന സംരക്ഷണ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഡിഎം അറിയിച്ചു.