ത്രിപുരയിലെ മുസ് ലിം വിരുദ്ധ കലാപത്തിനെതിരായ ട്വീറ്റ്; ആക്ടിവിസ്റ്റ് സജ്ജാദ് കാര്‍ഗിലിനെതിരേ കേസ്
ന്യൂഡല്‍ഹി: ത്രിപുരയില്‍ ഹിന്ദുത്വരുടെ നേതൃത്വത്തില്‍ നടക്കുന്ന മുസ് ലിം വിരുദ്ധ കലാപത്തിനെതിരേ ട്വീറ്റ് ചെയ്തതിന്റെ പേരില്‍ ആക്ടിവിസ്റ്റ് സജ്ജാദ് കാര്‍ഗിലിനെതിരേ ലഡാക്ക് പോലിസ് കേസെടുത്തു. ഐപിസി 107, 151 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഒക്ടോബര്‍ 29ന് സജ്ജാദിന് കാരണം കാണിക്കല്‍ നോട്ടിസ് അയച്ച പോലിസ് ഒക്ടോബര്‍ 30ന് സ്‌റ്റേഷനില്‍ ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു. സജ്ജാദിന്റെ ട്വീറ്റ് ഹിന്ദു-ബുദ്ധ മതവിഭാഗങ്ങള്‍ ന്യൂനപക്ഷമായ കാര്‍ഗില്‍ ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിനോദ സഞ്ചാരികള്‍ എത്താന്‍ ഭയക്കുമെന്നും പോലിസ് നോട്ടിസില്‍ പറഞ്ഞു.
Thanks to all for your concern and support.
— Sajjad Kargili (@Sajjad_Kargili) November 2, 2021
Condemning injustice, violence and communal hatred is not a sin and we all should unitedly voice for it. #TripuraViolence
ഒക്ടോബര്‍ 30ന് പോലിസ് സ്‌റ്റേഷനില്‍ ഹാജരായ സജ്ജാദിനെ രാത്രിയില്‍ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി. എന്നാല്‍, നവംബര്‍ രണ്ടിന് മജിസ്‌ട്രേറ്റിന്റെ ഓഫിസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് സജ്ജാദിനെ പറഞ്ഞുവിടുകയായിരുന്നു. ഇന്ന് അഭിഭാഷകന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായി വക്കാലത്ത് നല്‍കിയതായി സജ്ജാദ് പറഞ്ഞു. പോലിസിന്റേത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും ത്രിപുരയിലെ കലാപം തടയാന്‍ നടപടിയെടുക്കാതെ എന്റെ ട്വീറ്റുകള്‍ തടയാനാണ് ഭരണകൂടം ശ്രമിക്കുന്നതും സജ്ജാദ് പറഞ്ഞു. മക്തൂബ് മീഡിയ, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങി വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ത്രിപുരയിലെ മുസ് ലിം വിരുദ്ധ കലാപത്തെ അപലപിച്ചതെന്നും അഭിപ്രായ സ്വാതന്ത്ര്യം തടയുന്ന സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്നും സജ്ജാദ് കൂട്ടിച്ചേര്‍ത്തു.