സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നത് ആരായാലും അവര്‍ക്കെതിരെ നടപടിയെടുക്കും: കാനം രാജേന്ദ്രന്‍

ഭരണ നേതൃത്വം അറിഞ്ഞല്ല വിജിലന്‍സ് ഡയറക്ടറുടെ ഇടപെടലുണ്ടായത്

Update: 2022-06-11 12:11 GMT

തിരുവനന്തപുരം: സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നത് ആരായാലും അവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിജിലന്‍സ് മേധാവിക്കെതിരായ നടപടി അതിന്റെ ഭാഗമാണ്. നടപടി സംബന്ധിച്ച ആരോപണങ്ങളില്‍ കാര്യമില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഏതോ പോലിസുകാരന്റെ പൊട്ടബുദ്ധിയില്‍ തോന്നിയ കാര്യമാണ്. അതിലപ്പുറം ഗൗരവം അതിന് കൊടുക്കേണ്ടതില്ല, ഭരണ നേതൃത്വം അറിഞ്ഞല്ല വിജിലന്‍സ് ഡയറക്ടറുടെ ഇടപെടല്‍ ഉണ്ടായതെന്നും കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 

സ്വര്‍ണ-കറന്‍സി കടത്ത് കേസിലെ പുതിയ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെ വിജിലന്‍സ് മേധാവിയെ തിരക്കിട്ട് മാറ്റിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. വിജിലന്‍സ് മേധാവി അജിത്ത് കുമാറിനെ സര്‍ക്കാര്‍ ബലിയാടാക്കിയെന്നാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. വിജിലന്‍സ് ഡയറക്ടറെ മാറ്റിയത് സംസ്ഥാന സര്‍ക്കാരിന്റെ കള്ളക്കളിയാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് നിയോഗിച്ചതിന്റെ പ്രകാരമാണ് വിജിലന്‍സ് മേധാവി പല ചര്‍ച്ചകളും നടത്തിയതെന്നും ഒടുവില്‍ അദ്ദേഹത്തെ ബലിയാടാക്കുകയായിരുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയും വിജിലന്‍സ് മേധാവി എംആര്‍ അജിത് കുമാറും ഷാജ് കിരണുമായി സംസാരിച്ചെന്നായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. വിജയ് സാഖറെ ഇന്നലെ തന്നെ ആരോപണം നിഷേധിച്ചു. അജിത് കുമാര്‍ നിഷേധിച്ചിരുന്നില്ല. ഇതിനിടെയാണ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ എംആര്‍ അജിത് കുമാറും ഷാജ് കിരണുമായി നിരവധിതവണ സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്. ഉന്നതെ ഉദ്യോഗസ്ഥന്‍ ഇടപെട്ട് സ്വപ്നയെ അനുനയിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിതന്നെ എംആര്‍ അജിത് കമാറിനെ മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയത്. പകരം ഐജി എച്ച് വെങ്കിടേഷിനാണ് ചുമതല. അജിത് കുമാറിന് പകരം നിയമനം നല്‍കിയിട്ടില്ല. 

Tags:    

Similar News