ഇ പി ജയരാജന്‍ വധശ്രമ ഗൂഢാലോചന കേസ്; പ്രതിപ്പട്ടികയില്‍ നിന്ന് സുധാകരനെ ഒഴിവാക്കിയ വിധിക്കെതിരെ സുപ്രിംകോടതിയില്‍ അപ്പീല്‍

Update: 2024-08-14 12:39 GMT

തിരുവനന്തപുരം: ഇ പി ജയരാജന്‍ വധശ്രമ ഗൂഢാലോചന കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയില്‍ അപ്പീല്‍. വിടുതല്‍ ഹരജി അംഗീകരിച്ച ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലെ ആവശ്യം. കേസില്‍ തെളിവുകളുണ്ടെന്നും വിചാരണ നേരിടേണ്ടതില്ലെന്ന വിധിയില്‍ പിഴവുണ്ടെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.

അപ്പീല്‍ സുപ്രിംകോടതി പിന്നീട് പരിഗണിക്കും. 1995 ഏപ്രില്‍ 12 ന് രാജധാനി എക്‌സപ്രസില്‍ വെച്ചാണ് ഇ പി ജയരാജന് നേരെ അക്രമികള്‍ വെടിയുതിര്‍ത്തത്. കേസിലെ പ്രതികളായ പേട്ട ദിനേശന്‍, ടി പി രാജീവന്‍, ബിജു എന്നിവരുമായി ചേര്‍ന്ന് കെ സുധാകരന്‍ തമ്പാനൂരിലെ ഹോട്ടലില്‍ വെച്ച് ഗൂഡാലോചന നടത്തിയെന്നാണ് കേസ്. കേസില്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തമ്പാനൂര്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച് കുറ്റപത്രം നല്‍കി.

എന്നാല്‍ കുറ്റപത്രത്തിലെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന്‍ നല്‍കിയ വിടുതല്‍ ഹരജി 2016ല്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. തുടര്‍ന്ന് നല്‍കിയ അപ്പീലില്‍ എട്ട് വര്‍ഷത്തിന് ശേഷമാണ് വിടുതല്‍ ഹരജി ഹൈക്കോടതി അംഗീകരിച്ചത്.

Tags:    

Similar News