നിയമന കത്ത് വിവാദം; തിരുവനന്തപുരം നഗരസഭയില്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍ യോഗം

Update: 2022-11-19 02:54 GMT

തിരുവനന്തപുരം: നിയമന കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരം നഗരസഭയില്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍ യോഗം ചേരും. മേയര്‍ ആര്യാ രാജേന്ദ്രനാണ് വൈകുന്നേരം നാലിന് കൗണ്‍സില്‍ യോഗം വിളിച്ചിരിക്കുന്നത്. മേയര്‍ ആര്യ രാജേന്ദ്രനെതിരേ രണ്ടാഴ്ചയായി സമരം തുടരുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മുന്നില്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് പ്രത്യേക കൗണ്‍സില്‍ ചേരുന്നത്. ബിജെപി ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ കത്ത് പരിഗണിച്ചാണ് പ്രത്യേക കൗണ്‍സില്‍ വിളിച്ചത്. അതേസമയം, യോഗത്തില്‍ മേയര്‍ അധ്യക്ഷത വഹിക്കരുതെന്നാവശ്യപ്പെട്ട് യുഡിഎഫും കൗണ്‍സില്‍ സമയം നീട്ടണമെന്നാവശ്യപ്പെട്ട് ബിജെപിയും കത്ത് നല്‍കിയിരുന്നു.

എന്നാല്‍, ഈ രണ്ട് ആവശ്യങ്ങളും ഭരണസമിതി തള്ളുകയും ചെയ്തു. പേരിനു മാത്രമായി കൗണ്‍സില്‍ യോഗം ചേര്‍ന്ന് പിരിയാമെന്ന് കരുതേണ്ടെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ പ്രത്യേക കൗണ്‍സില്‍ യോഗം പ്രക്ഷുബ്ദമാവാനാണ് സാധ്യത. കഴിഞ്ഞ ഒരാഴ്ചയായി നഗരസഭയ്ക്ക് മുന്നിലും സെക്രട്ടേറിയത്തിലും മേയറുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്. ബിജെപി കൗണ്‍സിലര്‍മാര്‍ നടത്തിവരുന്ന അനിശ്ചിതകാല ഉപവാസ സമരവും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹവും തുടരുകയാണ്.

നഗരസഭയ്ക്ക് മുന്നിലെ പ്രതിഷേധം പലപ്പോഴും സംഘര്‍ഷത്തിലാണ് കലാശിച്ചത്. ദിവസങ്ങളായി നഗരസഭയുടെ സുഗമമായ പ്രവര്‍ത്തനം അവതാളത്തിലായ സാഹചര്യത്തിലാണ് കൗണ്‍സില്‍ യോഗം ചേരുന്നത്. നവംബര്‍ 22ന് യോഗം വിളിക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. എന്നാല്‍, അതിന് രണ്ട് ദിവസം മുമ്പേ മേയര്‍ പ്രത്യേക കൗണ്‍സില്‍ വിളിക്കുകയായിരുന്നു. അതേസമയം, വിവാദ കത്തിന്മേലുളള പ്രാഥമിക അന്വേഷണ റിപോര്‍ട്ട് ക്രൈംബ്രാഞ്ച് സംഘം ഇന്ന് ഡിജിപിക്ക് കൈമാറിയേക്കും.

Tags:    

Similar News