നിയമന കത്ത് വിവാദം; മേയറുടെയും ആനാവൂര്‍ നാഗപ്പന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
തിരുവനന്തപുരം: കോര്‍പറേഷന്‍ ആരോഗ്യവിഭാഗത്തിലെ കരാര്‍ നിയമന കത്ത് വിവാദത്തില്‍ വിജിലന്‍സ് സംഘം മേയര്‍ ആര്യാ രാജേന്ദ്രന്റെയും, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും മൊഴിയെടുത്തു. പാര്‍ട്ടി സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടില്ലെന്ന് മേയര്‍ മൊഴി നല്‍കി. കത്തിനെക്കുറിച്ച് അറിയില്ലെന്നും കോര്‍പറേഷന്റെ നിയമനങ്ങളില്‍ ഇടപെടാറില്ലെന്നുമാണ് ആനാവൂരിന്റെ മൊഴി. പരാതിക്കാരനായ കോണ്‍ഗ്രസ് നേതാവും മുന്‍ കൗണ്‍സിലറുമായ ശ്രീകുമാറിന്റെ മൊഴിയും വിജിലന്‍സ് സംഘം രേഖപ്പെടുത്തി.
വീട്ടില്‍ വച്ചാണ് മേയറുടെ മൊഴി രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ചിന് പിന്നാലെയാണ് വിജിലന്‍സും വിവാദകത്തില്‍ അന്വേഷണം നടത്തുന്നത്. മേയര്‍ ആര്യാ രാജേന്ദ്രന്റെയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി ആര്‍ അനിലിന്റെയും പേരില്‍ പുറത്തുവന്ന കത്തുകള്‍ സംബന്ധിച്ചാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുന്നത്. അനിലിന്റെയും കോര്‍പറേഷന്‍ ജീവനക്കാരുടെയും മൊഴി ഉടന്‍ രേഖപ്പെടുത്തും. കോര്‍പറേഷനില്‍ നേരത്തെ നടന്ന നിയമനങ്ങളിലും അന്വേഷണം വേണമെന്നാണ് വിജിലന്‍സിന് ലഭിച്ച പരാതിയിലെ ആവശ്യം. ഇതുസംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തുമെന്നാണ് വിവരം.
അതേസമയം, കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴി നല്‍കിയെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ജില്ലാ സെക്രട്ടറി ഇങ്ങിനെ പറയുമ്പോഴും പാര്‍ട്ടി പരിപാടികളുടെ തിരക്ക് പറഞ്ഞ് നേരിട്ട് മൊഴി നല്‍കാനെത്തിയില്ലെന്നാണ് ക്രൈം ബ്രാഞ്ച് സംഘം വിശദീകരിക്കുന്നത്. പറയേണ്ടതെല്ലാം മാധ്യമങ്ങള്‍ വഴി അറിഞ്ഞതല്ലേ, മേയറും പറഞ്ഞിട്ടുണ്ടോല്ലോ, കത്ത് കിട്ടിയിട്ടില്ല, അതിനപ്പുറമൊന്നുമില്ലെന്നായിരുന്നു ഫോണ്‍ വിളിച്ചപ്പോഴും ആനാവൂരിന്റെ പ്രതികരണമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്. ഡി ആര്‍ അനിലും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കാന്‍ തയ്യാറാവുന്നില്ലെന്നും ആക്ഷേപമുണ്ട്.