വൈസ് ചാന്‍സിലര്‍ നിയമനം: ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്താന്‍ തമിഴ്‌നാട് നിയമസഭയില്‍ ബില്ല്
ചെന്നൈ: സര്‍വകലാശാലകളിലെ വൈസ്ചാന്‍സിലര്‍ നിയമനങ്ങളില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം പരിമിതപ്പെടുത്താനുള്ള ബില്ലുമായി തമിഴ്‌നാട് നിയമസഭ. ഊട്ടിയില്‍ ദേശീയ, സംസ്ഥാന, സ്വകാര്യ സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാരുടെ കോണ്‍ഫ്രന്‍സ് ഗവര്‍ണര്‍ ആര്‍ എന്‍ രവി ഉദ്ഘാടനം ചെയ്ത അതേ ദിവസമാണ് ഗവര്‍ണര്‍പദവിയുടെ അധികാരം പരിമിതപ്പെടുത്താനുള്ള ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്.
വൈസ് ചാന്‍സിലര്‍മാരെ നിയമിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് ബില്ല് അവതരിപ്പിച്ചുകൊണ്ടുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. കൂട്ടത്തില്‍ പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തുമായി അദ്ദേഹം തമിഴ്‌നാട്ടിലെ പ്രശ്‌നങ്ങളെ താരതമ്യപ്പെടുത്തുകയും ചെയ്തു.
എഐഎഡിഎംകെ, ബിജെപി അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തു.
'മുന്‍കാലങ്ങളില്‍, സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ചാണ് ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാരെ നിയമിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി ഒരു പുതിയ പ്രവണത ഉയര്‍ന്നുവന്നിട്ടുണ്ട്. ഗവര്‍ണര്‍മാര്‍ നിയമനത്തെ അവരുടെ പ്രത്യേകാവകാശമായി കണ്ട് പ്രവര്‍ത്തിക്കുകയാണ്''- മുഖ്യമന്ത്രി പറഞ്ഞു. ''തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ നടപടിയെ എതിര്‍ക്കുന്നത് ജനകീയഭരണമെന്ന സങ്കല്‍പ്പത്തിന് എതിരാണ്.''
ഗവര്‍ണറുടെ അധികാരം ഭരണനിര്‍വഹണത്തില്‍ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2010ല്‍ മുന്‍ ചീഫ് ജസ്റ്റിസ് മദന്‍ മോഹന്‍ പുന്‍ഞ്ചി കേന്ദ്ര സംസ്ഥാന ബന്ധത്തെക്കുറിച്ച് തയ്യാറാക്കിയ റിപോര്‍ട്ടില്‍ ഗവര്‍ണറെ ചാന്‍സിലര്‍ പദവിയില്‍നിന്ന് നീക്കം ചെയ്യണമെന്ന് ശുപാര്‍ശ ചെയ്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ സെര്‍ച്ച് കമ്മിറ്റി പട്ടികയില്‍ ഉള്‍പ്പെട്ടവരെയാണ് വൈസ് ചാന്‍സിലര്‍മാരാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിലും ഇതേ രീതിയാണ്. മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെ സര്‍ക്കാരും ഇതേ നീക്കം ഡിസംബറില്‍ ആരംഭിച്ചു.
സര്‍ച്ച് കമ്മിറ്റി തയ്യാറാക്കിയ പട്ടിക തള്ളുന്ന നിരവധി സംഭവങ്ങള്‍ തമിഴ്‌നാട്ടില്‍ ഉണ്ടാതയിനെത്തുടര്‍ന്നാണ് പുതിയ ബില്ലിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കുന്നത്.
സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അവകാശം വേണമെന്ന ഡിഎംകെയുടെ നിലപാടിന്റെ ഭാഗമാണ് പുതിയ ബില്ല്.