ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റാനുള്ള ബില്‍ ഇന്ന് നിയമസഭയില്‍

Update: 2022-12-07 02:36 GMT

തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ ലക്ഷ്യമിട്ടുള്ളതാണ് ബില്‍. ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ട് ബില്ലുകളാവും അവതരിപ്പിക്കുന്നത്. ഇംഗ്ലീഷ് പരിഭാഷയിലുള്ള ബില്‍ അവതരണത്തിന് ഗവര്‍ണര്‍ മുന്‍കൂര്‍ അനുമതി നല്‍കിയിരുന്നു. ഭരണഘടനയില്‍ പറയാത്ത ഉത്തരവാദിത്തത്തില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കാനാണ് നിയമനിര്‍മാണമെന്നാണ് വിശദീകരണം.

പകരം വിദ്യാഭ്യാസരംഗത്തെ വിദഗ്ധരെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിയമിക്കാനാണ് ബില്ലിലെ വ്യവസ്ഥ. സമാന സ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലറാവും ഉണ്ടാവുക. ബില്ലിനെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കും. ഗവര്‍ണറോട് കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് മുസ്‌ലിം ലീഗിനുള്ളത്. ഇതില്‍ ലീഗിന്റെ നിലപാട് ഇന്ന് വ്യക്തമാവും. ബില്ലിന്‍മേല്‍ ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കാവും സഭ സാക്ഷ്യംവഹിക്കുക. ചര്‍ച്ചയ്ക്ക് ശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിടുന്ന ബില്‍ 13 ന് പാസ്സാക്കാനാണ് സര്‍ക്കാര്‍ നീക്കം. ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടിരുന്നില്ല. സമാന നിലയില്‍ ബില്ലിലും ഗവര്‍ണര്‍ ഒപ്പിടാനിടയില്ലെന്നാണ് റിപോര്‍ട്ട്.

Tags:    

Similar News