ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് ഭക്ഷണവും മദ്യവും കഴിച്ച് മുങ്ങും; തട്ടിപ്പുവീരന്‍ ഒടുവില്‍ പോലിസ് പിടിയില്‍
തിരുവനന്തപുരം: ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിച്ച് സുഭിക്ഷമായ ഭക്ഷണവും വിലകൂടിയ മദ്യവും കഴിച്ചിട്ട് ബില്‍ കൊടുക്കാതെ മുങ്ങുന്ന തട്ടിപ്പുവീരന്‍ ഒടുവില്‍ പോലിസ് പിടിയിലായി. തൂത്തുക്കുടി സ്വദേശി വിന്‍സന്റ് ജോണ്‍ (66) എന്നയാളാണ് കൊല്ലം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്ന് പിടിയിലായത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ തങ്ങിയ ശേഷം മുങ്ങിയ കേസിലെ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ കുടുങ്ങിയത്.
രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. മാന്യവേഷധാരിയായി ഹോട്ടലുകളിലെത്തി മുറിയെടുക്കുന്ന ഇയാള്‍ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം കൊണ്ടാണ് ആളുകളെ മയക്കിയിരുന്നത്. റൂം സര്‍വീസും റെസ്റ്റോറന്റ് ബാര്‍ സൗകര്യങ്ങളും ആവോളം ഉപയോഗിച്ച ശേഷം ബില്‍ നല്‍കാതെ മുങ്ങുന്നതാണ് പതിവ്. ബില്‍ നല്‍കാതെ മുങ്ങുന്ന ഹോട്ടലുകളില്‍ നിന്ന് വിലയേറിയ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ തന്ത്രപൂര്‍വം കൈക്കലാക്കി കടത്തിക്കൊണ്ടുപോവുന്നതും ഇയാളുടെ പതിവായിരുന്നു.
സമാനമായ തട്ടിപ്പ് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ നടത്തിയ ശേഷം മുങ്ങിയ വേളയിലാണ് കൊല്ലത്തു നിന്ന് ഇയാള്‍ പിടിയിലായത്. അഡ്വാന്‍സ് തുക നല്‍കാതെ തലസ്ഥാനത്തെ ഹോട്ടലില്‍ മുറിയെടുത്ത് സൗകര്യങ്ങള്‍ ആസ്വദിച്ച ഇയാള്‍, ഒരു പാര്‍ട്ടിയുടെ ആവശ്യത്തിനായി ലാപ്‌ടോപ്പ് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി നടത്തിപ്പിനായി ഹോട്ടല്‍ ജീവനക്കാര്‍ ഏര്‍പ്പാടാക്കിയ ലാപ്‌ടോപ്പുമായി ഇയാള്‍ സ്ഥലത്ത് നിന്ന് മുങ്ങി. ഹോട്ടല്‍ അധികൃതര്‍ പരാതി നല്‍കിയതോടെ പോലിസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം നടത്തുകയായിരുന്നു.
അതിനിടെ, ഇയാളുടെ പേരിലുള്ള ഒരു മൊബൈല്‍ നമ്പര്‍ കൊല്ലം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുള്ള ടവറിന് കീഴെ ഉണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് പോലിസ് ആ വിവരം കൊല്ലം സിറ്റി ഡാന്‍സിഫ് ടീമിന് കൈമാറുകയായിരുന്നു. വിവരം ലഭിച്ച കൊല്ലം സിറ്റി പോലിസ് ഇയാളെ രഹസ്യമായി പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കന്റോണ്‍മെന്റ് പോലിസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്ന് മോഷണമുതലുകള്‍ കണ്ടെടുത്തുവെന്ന് പോലിസ് അറിയിച്ചു.
രാജ്യത്തെ ഹോട്ടലുകളില്‍ നടക്കുന്ന അഴിമതി പ്രവര്‍ത്തനങ്ങളും വ്യഭിചാരകൃത്യങ്ങള്‍ക്കുമെതിരായി ആണ് താന്‍ തട്ടിപ്പ് നടത്തുന്നതെന്നാണ് പിടിയിലായ ശേഷം ഇയാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവകാശപ്പെട്ടത്. കൊല്ലം റാവിസ് അടക്കം ഇന്ത്യയിലെ പല പ്രമുഖ ഹോട്ടലുകളിലും തട്ടിപ്പ് നടത്തിയ ഇയാളെപ്പറ്റിയുള്ള വിവരങ്ങള്‍ തേടി കന്റോണ്‍മെന്റ് സ്‌റ്റേഷനിലേക്ക് രാജ്യത്തെ പല സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലിസ് ഉദ്യോഗസ്ഥര്‍ വിളിച്ചുകൊണ്ടിരിക്കുകയാണ്. ഇയാള്‍ക്കെതിരേ രാജ്യത്താകമാനം ഇരുനൂറോളം കേസുകളുണ്ടെന്നാണ് പോലിസ് പറയുന്നത്.